കോഴിക്കോട്: മതേതര കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യു.ഡി.എഫിനെതിരായ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല.
വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി. തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗിന്റെ നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ്.
എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ്. പ്രത്യേക വിഭാഗങ്ങളിൽപെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടികാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടുവരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയും.