ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ മണ്ട്‌വാട ഗ്രാമത്തില്‍ നിന്നു തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സഹാറന്‍പൂര്‍, ഥാനാഭവന്‍ സോണ്‍ട റസൂല്‍പൂര്‍, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്‍ഘണ്ടിലെ ഗിരിഡി, ജംധാര, ദിയോഗര്‍ തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ റിലീഫ് പ്രവര്‍ത്തകരെ കാത്തിരുന്നത.് അത്താഴത്തിനും നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തിങ്ങിക്കൂടിയ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ നടുവൊടിഞ്ഞ വയോധികരും. വ്യാപകമായി അന്ധത ബാധിച്ചവരെ കൊണ്ടു വലഞ്ഞ ഗ്രാമക്കാര്‍. അരക്ക് താഴേക്ക് ചലനശേഷിയില്ലാത്തവര്‍ പെരുകുന്നു. പട്ടിണിയുടെ കാഠിന്യം കാരണം വൈകല്യം ബാധിച്ചവരടക്കം അബാലവൃദ്ധം മനുഷ്യര്‍ പരാധികളുമായി മുസ്‌ലിം ലീഗ് റിലീഫ് സംഘത്തെ പൊതിഞ്ഞു. ഈ ഗ്രാമങ്ങളിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നാണ് അവര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടും മൂന്നും കിലോമീറ്റര്‍ താണ്ടിയിട്ട് വേണം വെള്ളം ശേഖരിക്കാന്‍. ഒഴുക്ക് നിലച്ച മലിനമായ നദിയിലെ വെള്ളമാണ് ജനം കുടിക്കാനും പ്രധാന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.
ജാര്‍ഖണ്ഡിലെ പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒരു ഗ്രാമത്തില്‍ ഒരു ലക്ഷം രൂപ വിലവരുന്ന കുഴല്‍ കിണര്‍ എന്ന നിലയില്‍ ഏകദേശം പന്ത്രണ്ട് ഗ്രാമങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ റിലീഫ് സംഘത്തേയും കൂട്ടി മസ്ജിദിലെത്തിയപ്പോള്‍ അവിടെ ടോയ്‌ലറ്റ് സൗകര്യപോലുമില്ലായിരുന്നു. ടോയ്‌ലറ്റോ ഉറച്ച മേല്‍ക്കൂരയോ ഇല്ലാത്ത മസ്ജിദുകളാണ് ഗ്രാമത്തിലധികവും.
ഷഫീഖ് മാങ്കാവ്, ഹജാസ് പൊക്കുന്ന്, അബ്ദുല്‍ റഷീദ് മൂര്‍ക്കനാട്, അബ്ദുല്‍ ലത്തീഫ് രാമനാട്ടുകര, ഖാലിദ് കരുവാരകുണ്ട്, വാജിദ് കൊയിലാണ്ടി, അഷ്‌റഫ് പാറോല്‍, സുഫൈദ് തങ്ങള്‍ കുറ്റിയാടി, അഹ്‌സന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ ജാര്‍ഖണ്ഡ് സംഘത്തിലുണ്ടായി.