X

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിം ലീഗ്; വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ നിരീക്ഷകരെ നിയോഗിച്ചു

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി മുസ്‌ലിംലീഗ്. വയനാട് ലോകസഭയിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനം സജീവമാക്കാനും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗത്തിൽ പദ്ധതികളാവിഷ്‌കരിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ജില്ലകളിലെയും മുസ്‌ലിംലീഗ് പ്രസിഡന്റ് സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു. വയനാട് ലോക്സഭ മണ്ഡലങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും ഓരോ നിയമസഭ മണ്ഡലങ്ങളിലേക്കുമായി നിരീക്ഷകന്മാരെ ചുമതലപ്പെടുത്തി. ഒരു എം.എൽ.എക്കും രണ്ട് സംസ്ഥാന ഭാരവാഹികൾക്കുമാണ് ചുമതല നൽകിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫിന്റെ വലിയ വിജയത്തിനായി മുസ്ലിംലീഗ് ശക്തമായി രംഗത്തുണ്ടാകും. താഴെതട്ടിലടക്കം അണികൾ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം തന്നെ ഇരുകൈയും നീട്ടിയാണ് മുസ്‌ലിംലീഗ് അണികൾ സ്വീകരിച്ചിരിക്കുന്നതെന്നും യോഗം വിലയിരുത്തി. അണികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നിരീക്ഷകരുടെ സാന്നിധ്യം ഗുണം ചെയ്യും. സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ 14 ജില്ലകളിലും പ്രഖ്യാപിച്ച പ്രക്ഷോഭ സംഗമങ്ങൾ വലിയ വിജയമാക്കാനുളള ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു. മലപ്പുറത്ത് നാളെ (2024 ഒക്ടോബർ 18 വെള്ളി) നടക്കുന്ന പ്രതിഷേധ റാലിയോടെയാണ് തുടക്കം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ റാലികൾ പിന്നീട് നടക്കും. ബാക്കിയുള്ള ജില്ലകളിൽ നിശ്ചയിച്ച പ്രകാരം തന്നെ റാലികൾ നടക്കും.

യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ, സംസ്ഥാന ഭാരവാഹികളായ സി.എ.എം.എ കരീം, ഉമ്മർ പാണ്ടികശാല, സി.പി സൈദലവി,സി മമ്മുട്ടി, കെ.എം ഷാജി, അബ്ദുറഹിമാൻ രണ്ടത്താണി,സി. പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, എം.എൽ.എമാരായ പി അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, പി.കെ ബഷീർ, അഡ്വ. യു.എ ലത്തീഫ്, പി ഉബൈദുല്ല, കുറുക്കോളി മൊയ്ദീൻ, ടി വി ഇബ്രാഹിം, ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയുടെ ഭാരവാഹികളായ മരക്കാർ മാരായമംഗലം,അഡ്വ. ടി.എ സിദ്ദീഖ്, ടി മുഹമ്മദ്, എൻ.കെ റഷീദ്, ഹാറൂൺ റഷീദ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ചർച്ചയിൽ പങ്കെടുത്തു.

webdesk13: