കെ.പി. ജലീല്‍
ചെന്നൈ: ഇതിഹാസതുല്യം ഈ പുരുഷാരം. അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഭാവിയിലേക്കുള്ള പുതുകുതിപ്പിന് ഊര്‍ജം പ്രസരിപ്പിക്കുമെന്ന പ്രതിജ്ഞയുമായി ഹരിത മഹാസാഗരം ചെന്നൈയെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി. മുസ്‌ലിം ലീഗ് എഴുപത്തഞ്ചാം വാര്‍ഷിക ത്രിദിന മഹാസമ്മേളനത്തിന് പാര്‍ട്ടി പിറന്ന അതേ മണ്ണില്‍ സമാപ്തി കുറിച്ചപ്പോള്‍ അതൊരു നവചരിത്രമായി.
രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്ന് കൊട്ടിവാക്കത്തെ വൈ .എം.സി എ മൈതാനിയില്‍ ഒഴുകി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി മതേതര ഇന്ത്യ നവോന്മേഷം വീണ്ടെടുത്തു. മലബാറിലെ പാര്‍ട്ടിയല്ല ഇതെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനസാഗരം സാക്ഷി പറഞ്ഞു.ദ്രാവിഡ നായകന്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റെ അനുഗ്രഹാശിസ്സുകള്‍ ശ്രവ്യമധുരം തീര്‍ത്ത സായാഹ്നത്തില്‍ ലീഗ് മഹാസമ്മേളനം സമാപിച്ചു.
ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ മുഖ്യാതിഥിയായി. ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ.എ.എം. അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീര്‍ ,ഡോ. അബ്ദുസ്സമദ് സമദാനി , പി.വി. അബ്ദുല്‍ വഹാബ് , നവാസ് ഗനി, അബ്ദുല്‍ റഹ്മാന്‍ ,ഡോ. എം.കെ മുനീര്‍ ,പി .എം എ സലാം ,പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ , പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ,കെ.പി. എ മജീദ് , കെ.എം. ഷാജി, ഷാജഹാന്‍ ,പി. എം. സാദിഖലി , പി.കെ. ഫിറോസ്, ഫാത്തിമ മുസഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ സുബ്രഹ്മണ്യന്‍ , ജിഞ്ചീ മസ് താന്‍ , സി.പി.എം നേതാവ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാജ്യത്ത് നിയമസഭകളില്‍ ജനസംഖ്യാനുപാതിക തെരഞ്ഞെടുപ്പ് സമ്പ്രദായം നടപ്പാക്കുക, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന: സ്ഥാപിക്കുക, ജാതി സെന്‍സസ് നടത്തുക, അകാരണമായി തടവില്‍ കഴിയുന്നവരെ എത്രയും വേഗം നീതി തീര്‍പ്പാക്കി മോചനം നല്‍കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.