കോഴിക്കോട്: പൗരാവകാശ സംരക്ഷണത്തിന്റെ ഐതിഹാസിക പോരാട്ടം സൃഷ്ടിച്ച് മുസ്‌ലിംലീഗ് ഇന്നു കോഴിക്കോട്ടും തൃശൂരിലും മഹാറാലികള്‍ സംഘടിപ്പിക്കും. ജന ലക്ഷങ്ങള്‍ അണിചേരുന്ന പൗരാവകാശ സംരക്ഷണ റാലി ഇന്ന് വൈകിട്ട് മൂന്നിനാണ് ആരംഭിക്കുക. റാലിയോടനുബന്ധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ദേശീയ, സംസ്ഥാന നേതാക്കളും സംബന്ധിക്കുന്ന പൊതുസമ്മേളനവും നടക്കും. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി പൗരാവകാശ സംരക്ഷണ റാലികള്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്ട് നടക്കുന്ന റാലിയില്‍ അസമിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ സൈനികനുമായ മുഹമ്മദ് അജ്മല്‍ ഹഖും തമിഴ്‌നാട് എം.എല്‍.എയും പ്രഭാഷകനുമായ എം.എ സുബ്രഹ്മണ്യവും മുഖ്യാതിഥികളായി പങ്കെടുക്കും. പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളായ സണ്ണി എം കപിക്കാട് കോഴിക്കോട്ടും കെ.കെ ബാബുരാജ് തൃശൂരിലും അതിഥികളായിരിക്കും.
അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് അജ്മല്‍ ഹഖ്. പൗരത്വ രജിസ്റ്ററിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമപരമായും രാഷ്ട്രീയമായും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് എം.എല്‍.എയും പ്രഭാഷകനുമായ എം.എ സുബ്രഹ്മണ്യത്തിന്റെ സാന്നിദ്ധ്യം കോഴിക്കോട്ടെ സമാപനത്തില്‍ ശ്രദ്ധേയമാകും. ചെന്നൈ കോര്‍പറേഷന്‍ ചെയര്‍മാനായി തിളങ്ങിയ അദ്ദേഹം ഇപ്പോള്‍ സെയ്താപ്പേട്ട് മണ്ഡലത്തിലെ ഡി.എം.കെ എം.എല്‍.എയാണ്.
റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തു നടക്കുന്ന മഹാസംഗമം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ സംസാരിക്കും.
തൃശൂരില്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ ബാബുരാജ് മുഖ്യാതിഥിയായി സംബന്ധിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.
മുസ്‌ലിംലീഗ് പൗരാവകാശ സംരക്ഷണ റാലി ഇന്ന് കോഴിക്കോട്ടും തൃശൂരും
Tags: muslim league
Related Post