മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി അഡ്വ. ഹാരിസ് ബീരാന്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത്.
നവാസ് പൂനൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ ഹുസ്സൈന്‍ കുട്ടി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കെ. അഹമ്മദ് സാജു, എന്‍.സി അബൂബക്കര്‍, നസീം പുളിക്കല്‍, ആഷിഖ് ചെലവൂര്‍, ഡല്‍ഹി കെ.എം.സി.സി അംഗങ്ങളായ ഗഫൂര്‍, ഖാലിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ, ഹാരിസ് ബീരാനെ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.
പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള ലീഗിന്റെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രിം കോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ഹാദിയ കേസ്, അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ കേസുകള്‍ സുപ്രിം കോടയില്‍ വാദിച്ച് ശ്രദ്ധനേടിയിട്ടുണ്ട് ഹാരിസ് ബീരാന്‍.