X

മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം നാളെ തിരുവനന്തപുരത്ത്

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിംലീഗ് പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം നടക്കും. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം. നേരത്തെ നിശ്ചയിച്ച നിയമസഭാ മാര്‍ച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധ സംഗമമാക്കി മാറ്റുകയായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുമാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുക.

വഖഫ് നിയമനം: ഉറപ്പ് പാഴ്‌വാക്കായി, വഞ്ചിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്‌ലിം സംഘടനകളെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം മരവിപ്പിച്ചതായി മുഖ്യമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പില്‍ നിന്നാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. നിയമനം പി.എസ്.സിക്ക് വിട്ട നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ ഇന്നലെ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ ചില മതസംഘടനകളും നേതാക്കളും ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവരുമായി ഇക്കാര്യം സംസാരിച്ചു സാവധാനം നിയമം നടപ്പിലാക്കുമെന്നുമായിരുന്നു ചോദ്യോത്തര വേളയിലെ മന്ത്രിയുടെ വിശദീകരണം.

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ നേരത്തെ മുസ്‌ലിംലീഗും മുസ്‌ലിം സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുസ്‌ലിംലീഗ് നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ പ്രതിഷേധ സംഗമവും നടന്നു. ഇതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിച്ചെന്ന് മുസ്‌ലിം സംഘടനകളെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും നിയമം പൂര്‍ണമായി പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നുമായിരുന്നു മുസ്‌ലിംലീഗ് നിലപാട്. തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി പഞ്ചായത്ത് -മുനിസിപ്പല്‍ തലങ്ങളില്‍ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന തല പ്രതിഷേധ സംഗമം ഈ മാസം 17ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ്, മുസ്‌ലിംലീഗ് ആശങ്ക ശരിവെക്കും വിധം സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോട്ട് പോയത്.

Test User: