X
    Categories: keralaNews

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 21കാരി മുസ്‌ലിം ലീഗ് പ്രതിനിധിയായി പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: 21 വയസുകാരിയായ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാവുന്നതിന്റെ വാര്‍ത്തകളാണ് സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ പുരോഗമനത്തിന്റെ അടയാളമായാണ് സിപിഎം ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. മറ്റു പാര്‍ട്ടികളൊന്നും യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ല തങ്ങള്‍ മാതൃകയാണ് എന്നാണ് സിപിഎം അവകാശപ്പെടുന്നത്.

എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം ലീഗ് ചെയ്ത കാര്യമാണ് സിപിഎം ഇപ്പോള്‍ വലിയ ആഘോഷമായി കൊണ്ടാടുന്നത് എന്നതാണ് സത്യം. കാല്‍നൂറ്റാണ്ട് മുമ്പ് തന്നെ 21 വയസുകാരിയായ ഖദീജ മൂത്തേടത്തിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രം പറയാനുണ്ട് മുസ് ലിം ലീഗിന്. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായാണ് 21 വയസുകാരിയായ ഖദീജ മുത്തേടം അന്ന് ഭരണം നടത്തിയത്.

അന്ന് ഇടതുപക്ഷത്തിന്റെ കുത്തകയായ മാറഞ്ചേരി പഞ്ചായത്ത് പിടിച്ചെടുത്താണ് മുസ്‌ലിം ലീഗ് ഖദീജയെ പ്രസിഡന്റാക്കിയത്. പൊന്നാനി എംഇഎസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ ശേഷം തിരൂരിലെ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്കില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും നേടിയ വ്യക്തിയായിരുന്നു ഖദീജ മൂത്തേടം.

അഞ്ച് വര്‍ഷം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഖദീജ മൂത്തേടം പിന്നീട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു. നിലവില്‍ വനിതാ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: