കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്‌ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ‘ജനസഹായി കേന്ദ്രം’ ജനകീയ പദ്ധതി ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് വേഗത്തിലും സൗജന്യമായും ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും കോഴിക്കോട്ട്് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസുകളുമായി പൊതുജന ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുകയും അത് വഴി പാര്‍ട്ടിയും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദവും വിശ്വാസവും ശക്തിപ്പെടുത്തുകയും ജനസഹായി പദ്ധതി വഴി സാധ്യമാവും. കൂടാതെ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ഓഫീസ് മന്ദിരങ്ങളുടെ സജീവത ഉറപ്പാക്കാനും ജനസഹായി കൊണ്ട് കഴിയും. കോഴിക്കോട്ടുള്ള മുസ്‌ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരം കേന്ദ്രമാക്കിയാണ് ജനസഹായി പ്രവര്‍ത്തിക്കുക. ഇതിന് വേണ്ടി പ്രത്യേകം സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധരായ ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരുടെ സേവനത്തോടെ അതാത് സമയങ്ങളിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ജനസഹായി മുഖേന പാര്‍ട്ടി ഓഫീസുകളിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കാനാവും. അതാത് സമയങ്ങളിലെ സര്‍വ്വീസുകള്‍ സംബന്ധിച്ച് കേന്ദ്രങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കൃത്യമായ അറിവുകള്‍ നല്‍കാനും ആകര്‍ഷകമായ പ്രചരണവും ജനസഹായി മുഖേന നടത്തും.
മുസ്‌ലിം യൂത്ത് ലീഗ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും വിദ്യാഭ്യാസ പ്രോത്സാഹനം, കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ പരിശീലനം, രോഗീ പരിചരണം തുടങ്ങി പൊതുജനങ്ങള്‍ക്ക് ആവശ്യമായ മറ്റു സേവനങ്ങളും ജനസഹായിയിലൂടെ ലഭ്യമാക്കും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നത്. ജനസഹായി സെന്ററുകളില്‍ സേവനം ചെയ്യുന്ന ആര്‍.പി മാര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍പി. ഇസ്മായില്‍, സെക്രട്ടറിമാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ എന്നിവരും പങ്കെടുത്തു.