X

മുസ്‌ലിംലീഗ് ജനങ്ങളെ ഒരുമിപ്പിക്കുന്ന പ്രസ്ഥാനം: പി.കെ കുഞ്ഞാലിക്കുട്ടി

തൃക്കുന്നപ്പുഴ: സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്തിയ പാരമ്പര്യമാണ് മുസ്‌ലിംലീഗിനുള്ളതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് ലീഗ് ഹൗസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രതവേണം. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ മുന്നേറ്റമാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടത്.

ഫാസിസ്റ്റുകളുടെ വര്‍ഗീയ പ്രചാരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാകരുത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗിന്റെ മുഖമുദ്ര. സേവനവും പരോപകാരവും മുഖ്യഅജണ്ടയായി സ്വീകരിച്ച പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി ഓഫീസുകളും അവശത അനുഭവിക്കുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഹൗസിന്റെ ഭാഗമായുള്ള അണ്ടോളില്‍ ഉസ്മാന്‍ കുട്ടി സാഹിബ് സ്മാരക ഓഫീസ്, എ.എ ഗഫൂര്‍ സ്മാരക ലൈബ്രറി, കാട്ടില്‍ അബ്ദുറഹീം സാഹിബ് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം സമ്മേളനത്തിന് മുന്നോടിയായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അഭിമാനബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനാണ് മുസ്‌ലിംലീഗ് പരിശ്രമിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിയാര്‍ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു.

സിദ്ദീഖലി രാങ്ങാട്ടൂര്‍ രാഷ്ട്രീയ വിശദീകരണം നടത്തി. ആമുഖ പ്രഭാഷണം ഒ. ഹാരിസ് അണ്ടോളിലും അനുസ്മരണ പ്രഭാഷണം എ. ഷാജഹാനും നിര്‍വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ.എച്ച്.ബഷീര്‍ കുട്ടി, ട്രഷറര്‍ കമാല്‍ എം.മാക്കിയില്‍, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, മുസ്‌ലിംലീഗ് ഭാരവാഹികളായ ഇ.വൈ.എം. ഹനീഫ മൗലവി, അഡ്വ. നസീം ഹരിപ്പാട്, അഡ്വ. എസ്. കബീര്‍, എസ്. എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, വനിതാലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹിയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാര്‍,വൈസ് പ്രസിഡന്റ് റജില ടീച്ചര്‍, എം. എ ലത്തീഫ്, എ. ഫക്രുദ്ദീന്‍ അലി അഹമ്മദ്, പി. ബിജു, ഷാഫി കാട്ടില്‍, എസ്. ദീപു, മുജീബ് വൈലിത്തിറ, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഉവൈസ് ഫൈസി പതിയാങ്കര, സദ്ദാം ഹരിപ്പാട്, ഹുസൈന്‍ പാനൂര്‍, എ. എ റഷീദ് പ്രസംഗിച്ചു. സുഹൈല്‍ ദാരിമി പതിയാങ്കര ഖിറാഅത്ത ്‌നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹ്മാന്‍കുട്ടി സ്വാഗതവും ട്രഷറര്‍ ഉവൈസ് കുഞ്ഞിത്തയ്യില്‍ നന്ദിയും പറഞ്ഞു.

Test User: