മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാല്‍ അഹമ്മദ് (82) അന്തരിച്ചു. ലക്നൗ ആര്‍മി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ്. മീററ്റ് ജില്ലാ കോടതിയിലെ അഭിഭാഷകനായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അഭിഭാഷകന്‍ എന്ന നിലയിലും പൊതുവേദികളിലെ പ്രഭാഷകന്‍ എന്ന നിലയിലും ഇഖ്ബാല്‍ അഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ് ഇഖ്ബാല്‍. മക്കളായ ജാവേദ് ഇഖ്ബാല്‍ ഇന്ത്യന്‍ സേനയിലെ ബ്രിഗേഡിയറും നവേദ് ഇഖ്ബാല്‍ ജാമിഅഃ മില്ലിയ്യ സര്‍വ്വകലാശാല പ്രൊഫസറുമാണ്. അഡ്വ. ആബിദ് ഇഖ്ബാല്‍, അഡ്വ. ജംഷാദ് ഇഖ്ബാല്‍ എന്നിവരാണ് മറ്റു മക്കള്‍.
പ്രതിസന്ധികളില്‍ പതറാതെ അവസാന ശ്വാസം വരെ ഹരിത പതാക മാറോട് ചേര്‍ത്താണ് ഇഖ്ബാല്‍ അഹമ്മദ് പ്രവര്‍ത്തിച്ചത്. ഉത്തര്‍ പ്രദേശില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജനകീയനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യു.പിയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെട്ടു. നിരാശ്രയരായ നിരവധി പേരുടെ അഭയ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ഭവനം. കേരളത്തിലെ മുസ്ലിംലീഗ് നേതാക്കളുമായി ഇഖ്ബാല്‍ അഹമ്മദ് ആത്മബന്ധം പുലര്‍ത്തിയിരുന്നു.