ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഡല്‍ഹില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ആരംഭിച്ചു. മുസ്‌ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഗുജറാത്ത് തെരഞ്ഞടുപ്പിന് ശേഷം മാറിമറിയുന്ന രാജ്യത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ യോഗത്തില്‍ തയ്യാറാക്കും. പാര്‍ട്ടിയുടെ ഉത്തരേന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, മെമ്പര്‍ഷിപ്പ് കാംപയിന്‍, പോഷക ഘടകങ്ങളുടെ സംഘടനാ രൂപീകരണം, ജില്ല – മണ്ഡലം കമ്മിറ്റികളെ ശക്തിപ്പെടുത്തല്‍, രോഹിംഗ്യ – ബിഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, നാഷണല്‍ എക്‌സിക്യുട്ടീവ് തിയ്യതി തീരുമാനിക്കുക എന്നിവയാണ് പ്രധാന അജണ്ടകള്‍.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഘടന പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യും. പോഷകഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിയേറ്റ് വിലയിരുത്തും. യോഗ ശേഷം ഉച്ചക്ക് 2.30 ന് നേതാക്കള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ മാധ്യമങ്ങളെ കാണും.