മലപ്പുറം: മാര്‍ച്ച് 9 ,10 തിയതികളില്‍ ചെന്നൈയില്‍ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന പ്രതിനിധികളുടെ സംസ്ഥാന തല രജിസ്‌ട്രേഷന്‍ ഉത്ഘാടനം പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രതിനിധി രജിസ്‌ട്രേഷനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ ആപ്പ് മുഖേന പ്രതിനിധിയായി രജിസ്ട്രര്‍ ചെയ്തു കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
‘ഉത്തരവാദിത്വരാഷ്ട്രീയത്തിന്റെ എഴര പതിറ്റാണ്ടുകള്‍ ‘ എന്ന പ്രമേയം ഉയര്‍ത്തി നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മാര്‍ച്ച് 9 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം വര്‍ത്തമാന കാല ഇന്ത്യയുടെ രഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിവിധ സെഷനുകള്‍ കൊണ്ട് സമ്പന്നമായിരിക്കും.
മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സാംസ്‌കാരിക നായകരും വിവിധ സെഷനുകളില്‍ പ്രതിനിധികളോട് സംവദിക്കും. തുടര്‍ന്ന് മാര്‍ച്ച് 10 ന് രാവിലെ പാര്‍ട്ടി പിറവി കൊണ്ട ചരിത്രപ്രസിദ്ധമായ രാജാജി ഹാളില്‍ ദേശീയ കൗണ്‍സില്‍ മീറ്റില്‍ ദേശീയ രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് രൂപം നല്‍കും. തുടര്‍ന്ന് വൈകിട്ട് നാലുമണിമുതല്‍ ഖാഇദെ മില്ലത്ത് നഗറില്‍ (കൊട്ടിവക്കം വൈ എം സി എ ഗ്രൗണ്ടില്‍) നടക്കുന്ന മഹാറാലിയില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. തമിള്‍ നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനം
കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍
മുസ്ലിം ലീഗിന്റെ നിലവിലുള്ള സംസ്ഥാന ഭാരവാഹികള്‍,പ്രവര്‍ത്തക സമിതി അംഗങ്ങള്‍, യൂത്ത് ലീഗ്, എം എസ് എഫ് ,എ സ് റ്റി യു, വനിതാ ലീഗ്, കര്‍ഷക സംഘം ,ലോയേഴ്‌സ് ഫോറം, എ ഐ കെ എം സി സി ദേശീയ ഭാരവാഹികള്‍, യൂത്ത് ലീഗ്, എസ് റ്റി യു, വനിതാ ലീഗ്, ദളിത് ലീഗ് കേരള സംസ്ഥാന ഭാരവാഹികള്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യേണ്ടത്.ഇവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പാസ്വേഡ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി മുഖേന ലഭ്യമാകും. ഫെബ്രുവരി 20 നുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
പാണക്കാട് ഹാദിയ സെന്ററില്‍ നടന്ന റജിസ്‌ട്രേഷന്‍ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.ദേശീയ അസി: സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു . സംസ്ഥാന ജന:സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ: പി എം എ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ,യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം എല്‍ എ മാരായ കെ പി എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, കുറുക്കോളി മൊയ്തീന്‍,സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിന്‍ഹാജി, സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി റ്റി പി അഷ്‌റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍, സെക്രട്ടറി സാജിദ് നടുവന്നൂര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി കെ ഷാക്കിര്‍ എന്നിവര്‍ സംസാരിച്ചു.