X

മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്‍ സെപ്തംബര്‍ ഒന്ന് മുതല്‍

കൊച്ചി: മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്‍ സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനം. 2023 ജനുവരിയോടു കൂടി ശാഖ, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കും. ജനുവരിയില്‍ തന്നെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്ന രീതിയിലായിരിക്കും അംഗത്വ കാമ്പയിന്‍. സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 14 ജില്ലകളിലായി നടന്ന സൗഹൃദ സംഗമങ്ങള്‍ സമാനതകളില്ലാത്തതായിരുന്നുവെന്നും, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് സംഗമങ്ങള്‍ വലിയ വിജയമായിരുന്നുവെന്നും യോഗം വിലയിരുത്തി. സൗഹൃദ സംഗമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്ന അതിഥികളുടെ അഭിപ്രായം പരിഗണിച്ച്, തുടര്‍ നടപടികള്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രവര്‍ത്തക സമിതി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച പി.എം.എ സലാം പറഞ്ഞു.

പാര്‍ട്ടിയുടെ ഹദിയ കാമ്പയിന്‍ വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. ക്വാട്ട പൂര്‍ത്തിയാക്കാത്ത ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പാര്‍ട്ടിയുടെ സമര പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോവാനും യോഗത്തില്‍ തീരുമാനമായി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എംഎല്‍എ, ഡോ.എം.കെ മുനീര്‍ എംഎല്‍എ, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ സി.പി ബാവാഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ.എം ഷാജി, എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി ചെറിയമുഹമ്മദ്, പി.എം സാദിഖലി, എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, പി.കെ ബഷീര്‍, പി.അബ്ദുല്‍ ഹമീദ്, അഡ്വ. യു.എ ലത്തീഫ്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം, ജില്ലാ പ്രസിഡന്റ്-ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടന പ്രതിനിധികള്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Chandrika Web: