മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവം: സമയബന്ധിതമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം;പി.എം.എ സലാം

കോഴിക്കോട്: സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ്/ ശാഖ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. നവംബര്‍ ഒന്നിന് ആരംഭിച്ച മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതില്‍ ജാഗ്രത കാണിക്കുന്നവര്‍ അവ വൈകാതെ സൈറ്റില്‍ അപ്്‌ലോഡ് ചെയ്യണം. പലസ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ മെമ്പര്‍ഷിപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ മെമ്പര്‍ഷിപ്പുകള്‍ ആവശ്യമുള്ള വാര്‍ഡ്/ ശാഖകള്‍ക്ക് മേല്‍ഘടകങ്ങള്‍ മുഖേന ജില്ലാ തിരഞ്ഞെടുപ്പ് സമിതി മെമ്പര്‍ഷിപ്പ് നല്‍കുന്നതാണ്. അതിന് മുമ്പായി നേരത്തെ ലഭിച്ച മെമ്പര്‍ഷിപ്പുകള്‍ മുഴുവന്‍ ചേര്‍ത്ത് ഓണ്‍ലൈനില്‍ അപ്്‌ലോഡ് ചെയ്യണം. അദ്ദേഹം പറഞ്ഞു.

നവംബര്‍ 30ന് ക്യാമ്പയിന്‍ അവസാനിക്കുന്നതോടെ ഓണ്‍ലൈന്‍ അപ്്്ലോഡിംഗിനുള്ള സമയവും അവസാനിക്കും. അവസാന സമയത്ത് എല്ലാവരും ഒന്നിച്ച് അപ്്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ സര്‍വര്‍ ജാമാകുന്നതിന് സാധ്യതയുണ്ട്. അപ്പോള്‍ ചേര്‍ത്തിവെച്ച മെമ്പര്‍ഷിപ്പ് പോലും അപ്്‌ലോഡ് ചെയ്യാന്‍ സാധിക്കാതെ വരും. അതിനാല്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതോടൊപ്പം ഓണ്‍ലൈനായി അപ്്‌ലോഡ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. മെമ്പര്‍ഷിപ്പ് ഫീസ് ഓരോന്നായി അടക്കേണ്ടതില്ല. ഒന്നിന് 24 രൂപ പ്രകാരം മൊത്തം മെമ്പര്‍ഷിപ്പിന്റെ തുക (800 മെമ്പര്‍ഷിപ്പ് വരെ) ഒരു തവണയായും അതില്‍ കൂടുതലുള്ളവ രണ്ട് തവണയായും മൊബൈല്‍ ആപ്പിലൂടെ ആണ് അടക്കേണ്ടത്.

സാങ്കേതിക പരിജ്ഞാനമുള്ളവരെയാണ് മെമ്പര്‍ഷിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി അതാത് കമ്മിറ്റികള്‍ കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയല്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ചുമതല നല്‍കിയവര്‍ യഥാവിധി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്ന് മേല്‍കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം. സമയബന്ധിതമായി മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വാര്‍ഡ് മുതലുള്ള കമ്മിറ്റി രൂപീകരണം സുഗമമായി നടക്കുകയുള്ളൂ. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും കോര്‍ഡിനേറ്റര്‍മാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

Test User:
whatsapp
line