കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്‌ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ വേട്ടയാടുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണം വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങുകയാണ്.
കേന്ദ്ര ഭരണത്തിന്റെ തണലില്‍ കേരളത്തിന്റെ സൗഹാര്‍ദ്ദവും സഹിഷ്ണുതയും തകിടം മറിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് സഹായകരമായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവര്‍ത്തിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ടവര്‍ ഇരട്ട നീതി നടപ്പാക്കുന്നു. യു.എ.പി. എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ സംസ്ഥാനത്ത് ദളിതുകള്‍ക്കും എഴുത്തുകാര്‍ക്കും മുസ്്‌ലിംകള്‍ക്കും എതിരെ വ്യാപകമായി പ്രയോഗിക്കുകയും കടുത്ത വര്‍ഗീയ നയം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നവരോട് മൃദു സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.
പല ന്യൂനപക്ഷ സ്ഥാപനങ്ങളിലും അനവസരത്തിലുള്ള പരിശോധനയും നേതാക്കള്‍ക്കെതിരെ കള്ളക്കേസുമായി ഗൂഢതാല്‍പര്യത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ പ്രകടനം നടത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ കാസര്‍ക്കോട്ടും വയനാട്ടിലും കേസ്സെടുത്തതും എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയതും ഉദാഹരണങ്ങള്‍ മാത്രം.
സംഘ്പരിവാര്‍ അക്രമികള്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ വെച്ച് പോലും നിരായുധരായ പ്രബോധകരെ അക്രമിക്കുമ്പോള്‍ ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പം ചേരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ജനവിരുദ്ധതയിലും ദളിത്-ന്യൂനപക്ഷ വേട്ടയിലും കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാന സര്‍ക്കാര്‍ മത്സരിക്കുമ്പോള്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ സംരക്ഷണ പോരാട്ടം അനിവാര്യമാണ്. ജില്ലകളില്‍ നാളെ നടക്കുന്ന സംഗമങ്ങളിലും ഇന്നു പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രകടനങ്ങളിലും എല്ലാവരും അണിചേരണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
- 7 years ago
chandrika