മലപ്പുറം: മുസ്്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കേരളകോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രശ്‌നങ്ങളെയും മതേതരത്വ വീക്ഷണത്തോടെയാണ് എന്നും മുസ്്‌ലിംലീഗ് സമീപിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസും മുസ്്‌ലിംലീഗുമായുള്ള ബന്ധത്തിന് അരനൂറ്റാണ്ടിന്റെ ആഴമുണ്ട്. വേറിട്ടൊരു രാഷ്ട്രീയമാണ് മുസ്്‌ലിംലീഗ് എന്നും കാഴ്ചവെച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് മുസ്്‌ലിംലീഗിന്റെ സംഭാവന വളരെ വലുതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മുഖമായിരുന്നു ഇ. അഹമ്മദ്. വിദേശരാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും രാജ്യനന്മക്കായി അതു ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഏറ്റവും അനുയോജ്യനായ നേതാവാണ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വ്യവസായിക കുതിപ്പിന് അടിത്തറ പാകിയവരാണ് രണ്ട് നേതക്കളും. ഇതിന് പിന്തുണയായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്യമുണ്ടെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
എത്ര രൂക്ഷമായ പ്രശ്‌നത്തിനും സമവായം കണ്ടെത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള കഴിവ് അപാരമാണ്. കേരള രാഷ്ട്രീയത്തിന് തണുപ്പും തണലുമേകുന്ന ആല്‍വൃക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തീകരണത്തിന് മുന്നില്‍ നില്‍ക്കുന്ന മുസ്്‌ലിംലീഗും പി.കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസിന് മറ്റൊന്നും ആലോചിക്കാനില്ലെന്നും കെ.എം മാണി പറഞ്ഞു. പി.എം ജോണി അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
എല്ലാ മേഖലയിലും പരാജപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇതിനെതിരെയുള്ള ജനവികാരം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കുഞ്ഞാലിക്കുട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എം.പി, ജോയ് എബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീര്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി, പി.ടി ജോസഫ്, ചാണ്ടി മാസ്റ്റര്‍, കെ.ജെ ദേവസ്യ, ജോബി മാസ്റ്റര്‍, അഡ്വ. ജോസ് ജോസഫ്, സജി മഞ്ഞക്കടമ്പന്‍, മുഹമ്മദ് ഇഖ്ബാല്‍, കെ.പി.എ നസീര്‍, പി.വി ജോണി, കെ.എം ഇഗ്ന്യേഷ്യസ്, മേഴ്‌സി ജെയിംസ്്, ആന്‍സി ജോയി പ്രസംഗിച്ചു.