വഖഫ് ബിൽ മതേതരത്വത്തിന് ഏറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോവുകയാണ്. ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.
വഖഫ് നടക്കരുത് എന്ന നിലയിലാണ് ബില്ല്. ബില്ലെനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപ്പിക്കും. ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. ഏപ്രിൽ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമനടപടികൾ ഏകോപിപ്പിക്കുന്നതിന് കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി ഡൽഹിയിൽ കൂടിയാലോചന നടത്തും. വെള്ളാപ്പള്ളിയുടെ മലപ്പുറം വിവാദ പരാമർശം, ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ്. പ്രസ്താവനയ്ക്ക് ശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. ഇത് കേരളമാണെന്ന് അറിയുന്നില്ല.
നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും തെരഞ്ഞെടുപ്പിൽ ഇവർക്കൊന്നും ലഭിക്കുന്നില്ല. ഇവരൊക്കെ പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങും എന്നാണ് വിചാരം. ഇതൊക്കെ ചർച്ചയാക്കുന്ന നമ്മളെ പറഞ്ഞാൽ മതി. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.