ഉത്തര്‍പ്രദേശ്: ജാതിഭ്രാന്തന്മാർ ക്രൂരമായി പീഡിപ്പിച്ച് കൊന്നുകളഞ്ഞ യുപിയിലെ ഹാത്രസ് പെൺകുട്ടിയുടെ കുടുംബത്തെ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രതിനിധി സംഘമാണ് ഹാത്രസ് സന്ദർശിച്ചത്. ഹാത്രസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പിന്തുണ അറിയിക്കാനാണ് സംഘം ഹാത്രസിലെത്തിയത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി പെൺകുട്ടിയുടെ പിതാവുമായി ഫോണിൽ സംസാരിച്ചു.
ഹാത്രസ് പെൺകുട്ടിയുടെ പിതാവും സഹോദരന്മാരും മുസ്‌ലിംലീഗ് പ്രതിനിധി സംഘവുമായി സംസാരിച്ചു. നീതി ഉറപ്പുവരുത്തുന്നതിനു വേണ്ടി മുസ്‌ലിംലീഗ് എല്ലാ പിന്തുണയും നൽകുമെന്ന് നേതാക്കൾ കുടുംബത്തെ അറിയിച്ചു. ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സംഘത്തെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കുടുംബത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കുകയായിരുന്നു.
ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ നടന്നിട്ടാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫലി, യൂത്ത് ലീഗ്- എംഎസ്എഫ് ഭാരവാഹികളായ അഡ്വ ഫൈസൽ ബാബു, ഷിബു മീരാൻ, ഇ. ഷമീർ അഹമ്മദ് സാജു, മുഹമ്മദ് സുബൈർ, മുഹമ്മദ് ആരിഫ്, അർഷദ് മുന്ന എന്നിവരാണ് സംഘത്തിലുള്ളത്.