മുസ്ലിം ലീഗ് നേതാക്കൾ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം പി യുടെ നേതൃത്വത്തിൽ ഫലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽഹൈജ യെ കണ്ടു ഐക്യദാർഢ്യം അറിയിച്ചു.
സാധിക്കുന്ന ഏത് വിധത്തിലും അവിടെ പ്രയാസവും വേദനയും അനുഭവിക്കുന്ന സഹോദരി സഹോദരന്മാർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിന്റെ സാദ്ധ്യതകളെ പറ്റി ചർച്ച ചെയ്തു. ഫലസ്തീൻ പോരാളികൾക്കനുകൂലമായി രാജ്യത്തെ ജനങ്ങളെയും ഭരണകൂടത്തേയും ചേർത്തു നിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. അതോടപ്പം ഫലസ്തീൻ ജനതക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥനകളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.
ലോകത്തിന്റെ എല്ലാ ഭാഗത്തും ഉള്ള സഹോദരി സഹോദരന്മാർ ഇക്കാര്യത്തിൽ അനുഭവിക്കുന്ന വേദനയും അതിന്റെ കൂടെ തങ്ങളോട് ഹൃദയം ചേർത്തുവെക്കുന്നതിനും കാണിക്കുന്ന താല്പര്യത്തെയും അംബാസിഡർ നന്ദിപൂർവം സ്മരിച്ചു.
അവിടെ നടക്കുന്ന മനുഷ്യക്കുരുതിയെ സംബന്ധിച്ച് ധാരാളം തിക്താനുഭവങ്ങൾ ഉണ്ടെങ്കിൽ തന്നെ ഒരിക്കലും തളരാത്ത മനോവീര്യവുമായി പോരാടുന്നവർ ഇപ്പോഴും അതേ വിധത്തിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നതെന്നും അംബാസഡർ വ്യക്തമാക്കി.
വേദനിക്കുന്ന ജനങ്ങളോടൊപ്പം ഹൃദയം ചേർത്തുവെക്കുന്ന ഇവിടത്തെ ജനവിഭാഗത്തിന്റെ എല്ലാവിധ സഹായസഹകരണങ്ങളും സ്വാഭാവികമായും ഉ ണ്ടാകുന്ന കാര്യം നേതാക്കൾ വ്യക്തമാക്കി .
കേരളത്തിൽ പ്രത്യേകിച്ചും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യക്കുരുതിക്ക് എതിരായിട്ടുള്ള നീക്കങ്ങളെ പറ്റി ലീഗ് നേതാക്കൾ വിശദമായി അദ്ദേഹത്തോട് സംസാരിച്ചു. ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമ്മർ, അഡ്വ. ഹാരിസ് ബീരാൻ, അബ്ദുൽ ഹലിം, നൂർ ശംസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.