X

ആര്‍.എസ്.എസിന്റെ ദേശീയത ഇന്ത്യയല്ലെന്ന് വ്യക്തമായി: കെ.പി.എ മജീദ്; “ദേശീയ പതാകയെ അപമാനിച്ച ആര്‍.എസ്.എസ് തലവനെതിരെ കേസ്സെടുക്കണം”

കോഴിക്കോട്: സംഘ്പരിവാറിന്റെ ദേശീയതയും രാജ്യ സ്‌നേഹവും കാപട്യമാണെന്ന് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാവഗതിന്റെ ചെയ്തികള്‍ കൂടുതല്‍ വ്യക്തമാക്കിയതായി മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്ക് ലംഘിച്ച് രാജ്യത്തിന്റെ നിയമ വാഴ്ചയെ വെല്ലുവിളിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളും അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്.

ദേശീയ ഗാനത്തിന് പകരം വന്ദേമാതരം പാടിയത് ദേശീയ പതാകയെ അപമാനിക്കലാണ്. രാജ്യത്താകെ ജനകോടികള്‍ ഇന്ത്യന്‍ പതാക വാനിലുയര്‍ത്തി ദേശീയ ഗാനം ആലപിച്ചപ്പോള്‍ വിവാദത്തിന്റെയും നിയമലംഘനത്തിന്റെയും ചടങ്ങാണ് പാലക്കാട് മുത്താംന്തറയില്‍ കൊണ്ടാടിയത്.

സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരും കാര്യസ്ഥരുമായി നിന്നവര്‍, 2002 വരെ സ്വാതനന്ത്ര്യ ദിനാഘോഷങ്ങളില്‍ നിന്ന് മുഖം തിരിച്ചു നിന്നതിന്റെ മറ്റൊരു പതിപ്പാണിത്.

രാഷ്ട്രീയ നേതാവു മാത്രമായ മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തണമെന്ന് വാശിപിടിച്ച മാനേജ്‌മെന്റിനും പ്രധാനാധ്യാപകനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുക്കണം.

ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച ആര്‍.എസ്.എസ് തലവനോടുള്ള മൃതുല സമീപനം അംഗീകരിക്കാനാവില്ല.

സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ രക്തം കൊണ്ട് ഊര്‍ജ്ജം പകര്‍ന്ന കേരളത്തിലെ പൊതു വിദ്യാലയത്തിന്റെ മുറ്റത്തെത്തി ആര്‍.എസ്.എസ് തലവന്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കരുത്.

സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയോടെ നീങ്ങുന്നതാണ് സംഘ്പരിവാറിന് കേളത്തില്‍ എന്തുമാവാമെന്ന അവസ്ഥ സംജാതമാക്കിയത്.

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കാതെ പതിവ് ഒത്തുതീര്‍പ്പിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുമാറ്റിയാല്‍ നിയമപോരാട്ടത്തിലൂടെ നേരിടുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നൽകി.

chandrika: