കോഴിക്കോട്: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള താക്കീതായി മാറി. അടിക്കടിയുള്ള വൈദ്യുതി ചാർജ്ജ് വർധനക്കും സാധാരണക്കാരെ മറന്നുള്ള ഭരണ നയങ്ങൾക്കുമെതിരെയാണ് മുസ്‌ലിംലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നോർത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വെള്ളയിൽ ഗാന്ധിറോഡ് വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എല്ലാ കെടുകാര്യസ്ഥതയുടെയും പാപഭാരം ജനങ്ങളുടെ പിരടിയിലിട്ട് സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയം പോലുള്ള അനാവശ്യ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി കോടികൾ പൊടിക്കുന്ന സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. കർഷകന് സബ്‌സിഡി നൽകുന്നില്ല. ഭിന്നശേഷിക്കാർക്കും പട്ടികജാതിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കുന്നില്ല. വെള്ളക്കരവും വൈദ്യുതി ചാർജ്ജും വർധിപ്പിച്ച് സാധാരണക്കാരന് മേൽ അമിതഭാരം ചുമത്തുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളോട് സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.
അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിട്ടാൽ യഥാർത്ഥ പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടാമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ഈ സർക്കാർ നയം ജനം തിരിച്ചറിയുന്നുണ്ടെന്നും ഇടത് സർക്കാറിനെതിരായ ജനകീയ പ്രക്ഷോഭം മുസ്‌ലിംലീഗ് ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് പി.എ ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. സഫറി സ്വാഗതവും നവാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ടി കെ ലത്തീഫ് ഹാജി, എൻ പി ഉസ്മാൻ ഹാജി, എം അഹമദ് കോയ കോയ, കെ വി സലീം, റഫീഖ് പുതിയകടവ്, ആഷിക് പുതിയങ്ങാടി, മുഹമ്മദലി നങ്ങാറിയിൽ യൂത്ത് ലീഗ് ഭാരവാഹികളായ റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, എസ് വി ഷൗലീക്ക്, വനിതാ ലീഗ് ഭാരവാഹികളായ കൗൺസിലർ റംലത്ത്, സൗദാബി, സൗഫിയ,എസ് ടി യു മണ്ഡലം സെക്രട്ടറി മുനീർ മരക്കാൻ,എം എസ് എഫ് ഭാരവാഹികളായ സാബിത് മായനാട്, സൽമാൻ ഫൈസി, മിഷാഹിർ ഹാർബർ എസ് ടി യു കൺവീനർ റിയാസ്, എം.കെ ഹംസ, പാളയം മമ്മദ് കോയ, എൻ പി അഹമദ് കോയ, എൻ.പി റഹീം, കെ.പി അബ്ദുൽ കരീം, കൗൺസിലർ സൗഫിയ തുടങ്ങിയവർ സംസാരിച്ചു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ
പോരാട്ടം ശക്തമാക്കും: ഇ.ടി
എടവണ്ണപ്പാറ: മാർക്‌സിസ്റ്റ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പോരാട്ടം മുസ്ലിം ലീഗ് ശക്തമാക്കുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വാഴക്കാട് ചീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് എടവണ്ണപ്പാറ കെ എസ് ഇ ബി സെക്ൾഷൻ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ്ജും വെള്ളക്കരവും കെട്ടിട നികുതിയും നിരന്തരം വർദ്ധിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ഈ അന്യായമായ വർദ്ധന സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗിക സമീപനമൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. ധൂർത്തും അഴിമതിയും കെടുകാര്യസ്ഥതയും നിർബാധം തുടരുകയാണ്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സെമിനാർ നടത്താനായി 27 കോടി ചെലവഴിക്കുകയാണ്.
ഇത്തരം നടപടികൾ അധികകാലം തുടരാൻ പിണറായി സർക്കാരിന് കഴിയില്ലെന്നും ഇ.ടി കൂട്ടിച്ചേർത്തു. സി സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ ഷൗക്കത്തലി ഹാജി, സി കെ ശാക്കിർ, കെ സി ഗഫൂർ ഹാജി, അബ്ദുല്ല വാവൂർ, എം മുജീബ് മാസ്റ്റർ, കെ ഇമ്പിച്ചി മോതി, സി.ടി റഫീഖ്, ഇ ടി ആരിഫ്, കെ പി സഈദ്, കെ വി സലാം, എൻ.എച്ച് ആലി, അഡ്വ. എം.കെ നൗഷാദ്, റഫീഖ് മധുരക്കുഴി, എം.കെ കമ്മുക്കുട്ടി, റഫീഖ് അഫ്‌സൽ, എം അബ്ദുറഹ്‌മാൻ മാസ്റ്റർ, പി അബൂബക്കർ, കെ. അബ്ദുറഹ്‌മാൻ മാസ്റ്റർ, കെ കെ അഷ്റഫ് ഹാജി, ടി സി സലാം, ആർ പി ഹാരിസ്, സാദിഖ് കക്കാടൻ, ഫാത്തിമ മണ്ണറോട്ട്, ആയിഷ മാരാത്ത് പ്രസംഗിച്ചു.