X

മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം: യൂത്ത് ലീഗ് സെമിനാര്‍ ഞായറാഴ്ച

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഫെബ്രുവരി 19ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ ‘ഏക സിവില്‍ കോഡ്- വെല്ലുവിളിക്കപ്പെടുന്ന മൗലികാലകാശങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. എം കെ മുനീര്‍ എം.എല്‍.എ മോഡറേറ്റര്‍ ആയിരിക്കും.

സംഘപരിവാരം ഏറെ കാലമായി ഉയര്‍ത്തുന്ന ഏക സിവില്‍ക്കോഡ് വാദം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഒരു സുപ്രഭാത്തില്‍ സംഭവിച്ചതല്ല. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. ഭരണഘടനയുടെ 44-ാം അനുച്ഛേദ പ്രകാരം യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് നിര്‍ദേശക തത്വങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ബി ജെ പി നേതൃത്വം ഈ വിഷയത്തില്‍ ഉന്നയിക്കുന്ന പ്രധാന വാദം. എന്നാല്‍ ഭരണഘടനാ നിയമ നിര്‍മാണ സമിതിയുടെ പ്രധാന ഉപദേശികരിലൊരാളായിരുന്ന ബി.എന്‍ റാവു ഇക്കാര്യത്തില്‍ പറഞ്ഞത് ‘ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതില്‍ ചില പരിമിതികള്‍ ഉണ്ട്’ എന്നാണ്. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാനാകൂവെന്നും അദ്ദേഹം പറയുകയുണ്ടായി.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്ന് കൂടിയായിരുന്നു ഏകീകൃത സിവില്‍ കോഡ്. എന്നാല്‍ നിര്‍ദേശക തത്വങ്ങളെക്കാള്‍ ഭരണഘടന പ്രാമുഖ്യം നല്‍കുന്നത് പൗരന്റെ മൗലികമായ അവകാശങ്ങള്‍ക്കാണ് എന്ന് നിയമവിദഗ്ദര്‍ ഒരുപോലെ ചൂണ്ടിക്കാണിക്കുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ മോദി സര്‍ക്കാര്‍ നിയമിച്ച കമ്മീഷനും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം, മുതല്‍ പൗരത്വ ബില്ല് വരെ എത്തി നില്‍ക്കുന്ന ബി ജെ പിയുടെ നയങ്ങളില്‍ ഏറ്റവും പുതിയ അജണ്ടകളിലൊന്നാണ് ഇപ്പോഴത്തെ ഈ നീക്കം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബി ജെ പി തയ്യാറാകുമ്പോള്‍ ഓര്‍ക്കേണ്ട ഒരു മുദ്രാവാക്യമുണ്ട്: ‘ഒരു രാജ്യം, ഒരു നിയമം, ഒരു ഭരണാധികാരി, ഒരു ഭാഷ.’ അങ്ങേയറ്റം ഏകാധിപത്യ സ്വഭാവമുള്ള ഈ മുദ്രാവാക്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടി വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്താന്‍.

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകളുടെ പ്രധാന പ്രശ്‌നം അത് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്ന നിലയിലാണ് എന്നതാണ്. രണ്ടാമതായി ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള ഒന്നാണെന്ന ഒരു മിഥ്യാധാരണ പരക്കെ പ്രചരിപ്പിക്കാന്‍ ഇതിനോടകം സംഘപരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് എന്നിവയും മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ തന്നെയാണ്. ഇത് ഭംഗിയായി മറച്ചുവെച്ച് കൊണ്ടാണ് മറ്റുതരത്തിലുള്ള പ്രചാരണങ്ങള്‍. മതവിശ്വാസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്ന് 1865-ല്‍ വിക്ടോറിയ രാജ്ഞിയാണ് പറഞ്ഞതെങ്കില്‍ ബാബരി മസ്ജിദ് ധ്വംസന സമയത്ത് വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട എന്ന് പറഞ്ഞത് ബി ജെ പിയാണ്. ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ ബിജെപി കാണിക്കുന്ന ഇരട്ടത്താപ്പ് ഇതില്‍ത്തന്നെ വ്യക്തമാണ്.
ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം ‘ഹിന്ദുരാഷ്ട്ര’മാണ്. ആ ലക്ഷ്യത്തിലേക്കു ഉള്ള ഒരു പടി മാത്രമാണ് യൂണിഫോം സിവില്‍ കോഡ്. ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവര്‍ ഭരിച്ചിരുന്ന കാലത്ത് ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അന്ന് രാജ്യം ഭരിച്ചിരുന്നത് മതേതര സര്‍ക്കാരുകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഭരിക്കുന്നത് വര്‍ഗീയ സംഘമായ സംഘപരിവാര്‍ ആണ്. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പിന്തുണയ്ക്കുന്നവര്‍ക്കു തീര്‍ച്ചയായും വര്‍ഗീയ അജണ്ടകള്‍ മാത്രമാണുള്ളത്.വൈവിദ്ധ്യങ്ങള്‍ മനോഹരമാക്കുന്ന രാജ്യത്തെ ഏക ശില സംസ്‌കാരത്തില്‍ തളച്ചിടാനുള്ള സംഘ പരിവാര്‍ നീക്കം ചെറുക്കേണ്ടതാണ്.അതിനാല്‍ അതിനെതിരെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരല്‍ അനിവാര്യമാണ്.

ഏഴരപതിറ്റാണ്ട് നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുസ്ലിം ലീഗ് വരാനിരിക്കുന്ന കാലത്ത് നേരിടുന്ന അവകാശ നിഷേധങ്ങള്‍ തിരിച്ചറിഞ് ജനാധിപത്യ സമൂഹത്തിന്റെ പിന്തുണയോടെ അവകാശങ്ങള്‍ നിലനിര്‍ത്താനുള്ള ഇടപെടലാണ് ഇത്തരം ചര്‍ച്ചകള്‍ മുന്നോട്ട് വെക്കുന്നത്.

എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, അഡ്വ. പി കെ ഫിറോസ്, അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ വിഷയസംബന്ധമായ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ ചേര്‍ന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി അവലോകന യോഗം സംസ്ഥാന സെക്രെട്ടറി ടി പി എം ജിഷാന്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ, സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സീനിയര്‍ വൈസ്പ്രസിഡന്റ് സി ജാഫര്‍ സാദിക്, ഒ കെ ഫൈസല്‍, എസ് വി ഷൗലിക്ക്, ഷഫീക് അരക്കിണര്‍, സയ്യിദ് അലി തങ്ങള്‍, ഹാരിസ് കൊത്തിക്കുടി, ഷാഹിര്‍ കുട്ടമ്പൂര്‍, എ ഷിജിത്ത് ഖാന്‍, സെയ്ത് ഫസല്‍ എം ടി, എം പി ഷാജഹാന്‍, ഒ എം നൗഷാദ്, ഷുഐബ് കുന്നത്ത്, സിറാജ് ചിറ്റേടത്ത്, വി അബ്ദുല്‍ ജലീല്‍, കെ പി സുനീര്‍ എന്നിവര്‍ സംസാരിച്ചു.

webdesk11: