മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ. എം. പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ മാധ്യമ ങ്ങളുടെ വായ മൂടികെട്ടാന്‍ പലവിധത്തിലുള്ള തെറ്റായ നടപടികള്‍ എടുക്കുകയാണെന്നും ഈ നടപടികള്‍ അത്യധികം അപലപാനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറഞ്ഞു.
ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുന്‍പ് ചാനലിന്റെ ഭാഗം കേള്‍ക്കാനുള്ള സന്മനസ്സ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചില്ല. ഇത് സ്വഭാവിക നീതിയുടെ കൂടി ലംഘനമാണ്.മാധ്യമങ്ങള്‍ക്ക് നേരെയുള്ള അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായായി വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.