X

സൗഹൃദ സംഗമങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്. രാജ്യത്തിന്റെ എല്ലാ തലസ്ഥാന നഗരികളിലും സൗഹൃദ സന്ദേശ സംഗമങ്ങള്‍ നടത്താന്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. ആദ്യഘട്ടത്തില്‍ മുംബൈ അടക്കമുള്ള ആറ് തലസ്ഥാന നഗരങ്ങളിലായിരിക്കും പരിപാടി. സമാപനം ഡല്‍ഹിയില്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും. രാജ്യത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളുമായി കൂട്ടായ്മകളുണ്ടാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സന്ദേശം എത്തിക്കാനും ഘടകങ്ങള്‍ രൂപീകരിക്കാനും കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തില്‍ സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും.

ദേശീയ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി സമ്മേളന പ്രമേയം വിശദീകരിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ചേരുന്ന ആദ്യത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ തങ്ങളെ അനുസ്മരിച്ച് കൊണ്ട് സമദാനി നടത്തിയ ഉറുദു പ്രസംഗം വികാര നിര്‍ഭരമായി. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തെ ന്യൂപക്ഷ സമുദായങ്ങള്‍ രാജ്യത്തുടനീളം സ്‌നേഹ സംവാദങ്ങള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും നടന്ന ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ ക്രിസ്ത്യന്‍, മുസ്്‌ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രസ്താവനകളെ യോഗം ശക്തമായി അപലപിച്ചു.

മുസ്്‌ലിംകളുടെ ഉന്മൂലനം ആവശ്യമാണെന്ന് ഹരിദ്വാര്‍ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും രാജ്യത്തെ ക്രിസ്ത്യന്‍ മുസ്്‌ലിം സമുദായങ്ങളുടെ വോട്ടവകാശം ഹനിക്കാനുമുള്ള ആഹ്വാനത്തെ ഭരണകൂടം തള്ളപ്പറയാത്തതില്‍ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.1991-ല്‍ നടപ്പാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാനും നിയമം നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സസ് സംവിധാനം നടപ്പിലാക്കണം. ഇതിന്റെ കൃത്യത ഉറപ്പുവരുത്താന്‍ കണക്കെടുപ്പില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ത സമുദായങ്ങള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങളെ പൗരാണിക-ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മണ്‍മറഞ്ഞ നേതാക്കളെയും പ്രവര്‍ത്തകരെയും യോഗം അനുസ്മരിച്ചു.

 

Test User: