X

മുസ്‌ലിം ലീഗ്‌ മനുഷ്യാവകാശ മഹാറാലി നാളെ; അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നേതാക്കള്‍

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ മനുഷ്യ മഹാ റാലിയുടെ സമാപന സംഗമത്തിന് കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്ന വേദി
മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ദേശീയ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

അതേസമയം നെഞ്ചകം നീറുന്ന നോവോടെ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകര്‍ നാളെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തും. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും. ലോകമെമ്പാടും നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുടെ ഭാഗമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നാളെ
മനുഷ്യാവകാശ മഹാറാലി സംഘടിപ്പിക്കുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.

റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ഇന്നലെ ശാഖാ തലങ്ങളില്‍ വിളംബര ജാഥകള്‍ നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. വാഹനത്തില്‍നിന്ന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് എത്തിച്ചേരുക. അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ഫലസ്തീന് വേണ്ടി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയരും. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങും.

ഫലസ്തീന്‍ ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്ലിംലീഗ് നടത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ റാലിക്ക് വേണ്ടി കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കുന്ന വേദിയുടെ ഒരുക്കങ്ങള്‍  വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ദേശീയ, സംസ്ഥാന ഭാരവാഹികള്‍ അനുഗമിച്ചു. ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഈ റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫലസ്തീന് വേണ്ടി ലോക ജനതയുടെ മനസ്സാക്ഷി ഉണരണം. ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ഐക്യദാര്‍ഢ്യ റാലികളിലൊന്നായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

webdesk11: