കോഴിക്കോട്: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി 26ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ജനലക്ഷങ്ങള്‍ അണിനിരക്കും. പൊരുതുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. ഗസ്സ, ജെറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് ഫലസ്തീനികളെ പൂര്‍ണമായും പുറന്തള്ളാനുള്ള ഗൂഢനീക്കത്തിനെതിരെ ലോകമനസാക്ഷി ഉണര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും സ്‌കൂളുകളും ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളും തകര്‍ക്കുന്ന ഇസ്രാഈലിന്റെ യുദ്ധവെറിക്കെതിരായ പ്രതിഷേധം റാലിയില്‍ ഉയരും. മഹാറാലി വിജയിപ്പിക്കുന്നതിന് ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ ഒരുക്കങ്ങള്‍ സജീവമാണ്. ഒരു വാര്‍ഡില്‍നിന്ന് ചുരുങ്ങിയത് ഒരു ബസ്സില്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തകരെങ്കിലും റാലിക്കെത്തണമെന്ന് ജന. സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.