കോഴിക്കോട്: പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി 26ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിക്ക് ഒരുക്കങ്ങള്‍ തുടങ്ങി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന വംശഹത്യക്കെതിരെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കടപ്പുറം സാക്ഷിയാവുക. യുദ്ധം അവസാനിപ്പിക്കുന്നതിന് ലോക മനസ്സാക്ഷിയെ ഉണര്‍ത്തുകയാണ് മഹാറാലിയുടെ ലക്ഷ്യം. അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ഈ കൊടുംക്രൂരതക്കെതിരെയാണ് മുസ്‌ലിംലീഗ് സമരജ്വാല തീര്‍ക്കുന്നത്. ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളിലായി വ്യാഴാഴ്ച നാല് മണിയോടെ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തും.
റാലിയുടെ വിജയത്തിന് വേണ്ടി ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ അടിയന്തരമായി പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും പരിപാടികള്‍ വ്യാഴാഴ്ച വരെ താല്‍ക്കാലികമായി മാറ്റിവെക്കണമെന്നും മഹാറാലി വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.