X

മുസ്‌ലിംലീഗ് സംഘം മണിപ്പൂരില്‍; കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ഇംഫാല്‍: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സമാധാന ദൂതുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംഘം മണിപ്പൂരിലെത്തി. ഇന്ന് ഉച്ചക്കാണ് മുസ്ലിംലീഗ് നേതാക്കള്‍ ഇംഫാലില്‍ വിമാനമിറങ്ങിയത്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമറും സംഘത്തിലുണ്ട്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നേതാക്കള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായും ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച സംഘം അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം നേരില്‍ക്കാണുകയും അവരെ ആശ്വാസിപ്പിക്കുകയും ചെയ്തു. മാസങ്ങളായി അനുഭവിക്കുന്ന വേദനകള്‍ കരച്ചിലോടെയാണ് ക്യാമ്പിലെ കുടുംബാംഗങ്ങള്‍ മുസ്ലിംലീഗ് സംഘത്തിന് മുമ്പില്‍ വിശദീകരിച്ചത്. അഭയാര്‍ത്ഥി ബാഹുല്യം കൊണ്ട് ദുസ്സഹമായ അവസ്ഥയിലാണ് ക്യാമ്പുകള്‍. നെയ്ത്ത് പോലുള്ള ചെറിയ ജോലികള്‍ ചെയ്താണ് അവര്‍ വരുമാനത്തിന് വേണ്ടി ശ്രമിക്കുന്നത്. ഭക്ഷണം, ശുദ്ധജലം എന്നിവക്കെല്ലാം പ്രയാസപ്പെടുകയാണ്. ക്യാമ്പിലെ ജീവിതം അവസാനിച്ചാലും മടങ്ങിപ്പോകാന്‍ വീടും കുടുംബവും ബാക്കിയില്ലാത്തവരുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍. വീട് കത്തിച്ചാമ്പലായവര്‍. ജീവിത ദുരിതങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരില്‍ പലരും പൊട്ടിക്കരഞ്ഞു.

മുസ്ലിംലീഗ് സംഘത്തെ സ്നേഹാദരവുകളോടെ അവര്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സാദിഖലി തങ്ങളും സംഘവും കടന്നുചെന്നത് ഇംഫാലിലെ ബിഷപ്പ് ഹൗസിലേക്കാണ്. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായി ഒന്നര മണിക്കൂറോളം നേതാക്കള്‍ ചര്‍ച്ച നടത്തി. എല്ലാവരെയും ഒന്നിപ്പിക്കാനും സ്നേഹത്തിന്റെയും സഹജീവിതത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും എല്ലാ വിധ സഹായവും നല്‍കുമെന്ന് സാദിഖലി തങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ആവലാതികളും ആവശ്യങ്ങളും മുസ്ലിംലീഗ് സംഘം കേട്ടറിഞ്ഞു.

പിന്നീട് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഏറെ ബഹുമാനത്തോടെയാണ് ഗവര്‍ണര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും സംഘത്തെയും അവര്‍ ഷാളണിയിച്ച് സ്വീകരിച്ചത്. ദുരിതബാധിതരെ നിയമപരായി സഹായിക്കേണ്ടത് സംബന്ധിച്ചും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മുസ്ലിംലീഗ് സംഘം ഗവര്‍ണറുമായി സംസാരിച്ചു. മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംഘം ഇന്ന് പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ക്യാമ്പുകളിലെ പരിതാപകരമായ അവസ്ഥ അവരെ അധികാരികള്‍ക്ക് മുന്നിലെത്തിക്കും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും പൗരന്മാരുടെ സ്വസ്ഥജീവിതം ഉറപ്പാക്കാനും മുസ്ലിംലീഗ് എല്ലാ സഹായവും നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.

webdesk11: