കോഴിക്കോട്: സംസ്ഥാന കമ്മിറ്റിയുടെ ജീവകാരുണ്യ-പ്രവര്‍ത്തന പദ്ധതി മുന്‍ നിര്‍ത്തി റമസാന്‍ ഒന്നു മുതല്‍ ഒരു മാസം ഓണ്‍ലൈന്‍ വഴി ധനസമാഹരണം സംഘടിപ്പിക്കാന്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 25നകം ജില്ലാ-മണ്ഡലം-പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് മുന്നൊരുക്കം നടത്തും.
മാര്‍ച്ച് 10ന് സ്ഥാപക ദിനം സമുചിതമായി കേരളത്തിലും ആഘോഷിക്കും. എല്ലാ ജില്ലകളിലും പ്രത്യേകമായ പരിപാടികള്‍ നടത്തും. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യൂണിറ്റ് തലങ്ങളില്‍ വിവിധ പരിപാടികളോടെയാണ് സ്ഥാപക ദിനാചരണം നടക്കുക. തൃശൂരില്‍ രാവിലെ 10നും എറണാകുളത്ത് മൂന്നിനും നടക്കുന്ന പരിപാടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുംബൈയില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരിച്ച മുസ്്‌ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എ. യൂനുസ് കുഞ്ഞ്, സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുലൈമാന്‍ ഖാലിദ്, കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് പി. ശാദുലി, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ എന്നിവര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജനവിരുദ്ധമാകുകയാണെന്ന് വിലയിരുത്തിയ സംസ്ഥാന കമ്മിറ്റി, ജനീകീയ പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ് സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം സ്വാഗതവും സെക്രട്ടറി സി.എച്ച് റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഭാരവാഹികളായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, കെ.ഇ അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ കല്ലായി, കെ.എസ് ഹംസ, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം ഷാജി, അഡ്വ.എന്‍ ഷംസുദ്ദീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ബീമാപള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡന്റ്-ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.