X
    Categories: CultureMoreViews

എല്ലാ ഇന്ത്യക്കാരും ഹൃദയം ചേര്‍ത്തുവെക്കട്ടെ: ഖാദര്‍ മൊയ്തീന്‍

????????????????????????????????????

കോഴിക്കോട്: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാന്‍ മതേതര-ജനാധിപത്യ കക്ഷികള്‍ ഐക്യത്തോടെ മുന്നേറണമെന്ന് മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എ ഖാദര്‍മൊയ്തീന്‍. ലോകത്ത് മുസ്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാവുന്ന രാജ്യമാണ് ഇന്ത്യ. വിദ്വേഷത്തിന്റെ വിത്ത് വിതറി തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് താല്‍കാലിക ലാഭമുണ്ടായേക്കാം. എന്നാല്‍ അന്തിമ വിജയം സഹിഷ്ണുതയില്‍ അധിഷ്ടിതമായ മുന്നേറ്റത്തിനാവും. ഈയടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലം വിശകലനം ചെയ്യുമ്പോള്‍, സംഘ്പരിവാറിന്റെ പതനം തുടങ്ങിയെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി നളന്ദഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാരും പരസ്പരം ഹൃദയം ചേര്‍ത്തുവെക്കണമെന്നാണ് മുസ്‌ലിംലീഗ് ആഗ്രഹിക്കുന്നത്. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം എല്ലാ ഇന്ത്യക്കാരും മനസ്സറിഞ്ഞ് സ്‌നേഹിക്കണം.
ബഹുസ്വരതയുടെ മനോഹര ഭൂമികയായി വിസ്മയിപ്പിച്ചും മാതൃക കാണിച്ചുമാണ് നമ്മുടെ രാജ്യം മുന്നോട്ടു പോയത്. ലോകത്ത് എവിടെപ്പോയാലും ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം എന്നു പറയാനും അഭിമാനിക്കാനും നമുക്ക് കഴിയുമായിരുന്നു. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഹിന്ദുത്വ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ചലിക്കാനും ഭരണഘടനപോലും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
രാജ്യത്തിന്റെ ആത്മാവ് സഹവര്‍ത്തിത്വത്തിന്റേതാണ്. അതു മറന്നു മുന്നോട്ടു പോകാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയെക്കുറിച്ചും മുസ്‌ലിംകളില്ലാത്ത ഇന്ത്യയെക്കുറിച്ചുമാണ് നരേന്ദ്രമോദി സംസാരിക്കുന്നത്. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്കാവശ്യം. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഖാഇദെമില്ലത്തിന്റെയും ഇന്ത്യക്ക് പകരം ഗോള്‍വാള്‍ക്കറുടെയും ഗോഡ്‌സെയുടെയും ഇന്ത്യയാണ് മോദി സ്വപ്‌നം കാണുന്നത്. അത് അധിക കാലം നിലനില്‍ക്കില്ല.
ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുണ്ടായിരുന്ന കേരളം ഇപ്പോള്‍ ഭയപ്പാടോടെ ജീവിക്കുന്നവരുടെ നാടായി മാറുന്നുവെന്ന ചര്‍ച്ചകള്‍ ഗൗരവത്തോടെ കാണണം. ത്രിപുരയിലുള്‍പ്പെടെ ഉണ്ടായ തിരിച്ചടികള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. കൊടും വര്‍ഗീയത പ്രസംഗിക്കുന്നവരെ കയറൂരിവിട്ട് ഒരു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കു നേരെ മാത്രം നിയമ നടപടികളുമായി മുന്നോട്ട് പോവുന്നത് ഭയാനകമായ സാഹചര്യമുണ്ടാക്കും. എം. എം അക്ബറിനെ ജയിലിലടച്ചതും ഹാദിയയെ വേട്ടയാടാന്‍ കൂട്ടു നിന്നതും തുല്ല്യ നീതി അട്ടിമറിച്ചതിന്റെയും സംഘ്പരിവാര്‍ പ്രീണനത്തിന്റെയും ഉദാഹരമാണെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: