ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയായിരുന്നു അഡ്വ.ഇഖ്ബാല്‍ അഹമ്മദ്. യു.പിയില്‍ ആറു പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുകയായിരുന്ന അദ്ദേഹം തികഞ്ഞ മതേതരവാദിയും സമുദായ സ്‌നേഹിയുമായിരുന്നു. വിഭജനത്തിന്റെ എല്ലാ ക്ലേശങ്ങളും അനുഭവിച്ച അദ്ദേഹം, മീററ്റ് ജില്ലാ കോടതിയിലെ അഭിഭാഷകനായിരുന്നപ്പോള്‍ തന്നെ രാജ്യത്താകെ നടന്ന് മുസ്്‌ലിം ലീഗിന് ഊര്‍ജ്ജം പകര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം രാജ്യത്താകെ ഓടിനടന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ കൂടെ പ്രവര്‍ത്തിച്ച തലമുറയിലെ അവസാനത്തെ കണ്ണികളില്‍ ഒരാളാണദ്ദേഹം. തലമുറകളെ ബന്ധിപ്പിച്ച മഹത്തായൊരു കണ്ണിയാണ് മുറിഞ്ഞത്.
മുസ്്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റിന്റെ വസതി എന്നതിനെക്കാള്‍ മീററ്റ് നഗരത്തില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ പ്രതാപമുള്ള ആ വീട് മുസ്്‌ലിംലീഗിന്റെ ഓഫീസ് തന്നെയായായിരുന്നു. ഗേറ്റില്‍ പാറിക്കളിക്കുന്ന പതാക ആത്മാഭിമാനത്തിന്റെ കൊടിക്കൂറയാണ്. പാവങ്ങളുടെ അഭയ കേന്ദ്രമായിരുന്നു അത്. ഖാഇദെമില്ലത്ത് മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ദേശീയ നേതാക്കളും പലവട്ടം ആ വീട്ടിലെത്തി. അദ്ദേഹത്തിന്റെ സല്‍ക്കാരം സ്വീകരിച്ചു. ഖായിദെ മില്ലത്തിന്നും സി.എച്ചിനുമെല്ലാം ആതിഥ്യമേകിയതും അവര്‍ മീററ്റില്‍ പ്രസംഗിച്ചതുമെല്ലാം ഹൃദയത്തിലേറ്റി പ്രായം തളിര്‍ത്താത്ത ആവേശം നിറച്ചു അദ്ദേഹം. അഭിഭാഷകന്‍ എന്ന നിലയിലും പൊതുവേദികളിലെ പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം ശോഭിച്ചു. അദ്ദേഹത്തോടപ്പം ദീര്‍ഘകാലം മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായി. ഏത് യോഗം ചേരുകയാണെങ്കിലും കൃത്യമായ അഭിപ്രായം പറയുവാനും എല്ലാ തീരുമാനങ്ങളെയും മുസ്്‌ലിം ലീഗിന്റെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയം അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ വിഷയത്തെക്കുറിച്ചും അന്താരാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ചരിത്രത്തിലും ആനുകാലികങ്ങളിലും നല്ല അറിവുള്ള ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
മുസ്്‌ലിംലീഗ് യു.പി സംസ്ഥാന പ്രസിഡന്റ് പദവിക്ക് പുറമെ ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളും അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. 2008 മുതല്‍ ദേശീയ ഭാരവാഹിയാണ്. ഒരുപാട് കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പല കലാപ പ്രദേശങ്ങളിലും പോകുവാനും അവിടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അദ്ദേഹം മുന്നോട്ട് വന്നിരുന്നു. വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പോലും എത്താന്‍ കഴിയുന്ന എല്ലാ ഭാഗങ്ങളിലും അദ്ദേഹം ഓടി എത്തിയിരുന്നു. വലിയ ലക്ഷ്യബോധമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുസ്്‌ലിം ലീഗ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള ഓരോ പ്രദേശങ്ങളെ കുറിച്ചും കേരളീയരെ പോലെ അദ്ദേഹത്തിനും അറിയാമായിരുന്നു.
മുസ്്‌ലിംലീഗിന്റെ കേരള മോഡലും വിദ്യാഭ്യാസമുള്ള സമുദായവും അദ്ദേഹം നിരന്തരം ഉത്തരേന്ത്യയില്‍ പ്രചരിപ്പിച്ചു. മക്കളെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം പോലെ നല്ല നിലയിലായി. ഒരാള്‍ പട്ടാളത്തില്‍ ബ്രിഗ്രേഡിയറും മറ്റൊരാള്‍ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനുമായത് ഇതിന്റെ തുടര്‍ച്ചയാണ്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു അവസാന ശ്വാസം വരെ ഹരിത പതാക മാറോട് ചേര്‍ത്താണ് ഇഖ്ബാല്‍ അഹമ്മദ് സാഹിബ് പ്രവര്‍ത്തിച്ചത്. ഉത്തര്‍ പ്രദേശില്‍ മുസ്്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും വളര്‍ച്ചക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം ദേശീയ കമ്മിറ്റിയുടെ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജനകീയനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യു.പിയിലെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു.കേരളത്തില്‍ എത്രയോ തവണ വന്ന് സംഘടനയുടെ നിര്‍ണ്ണായകമായ പല ഘട്ടങ്ങളും അനുഭവിച്ചറിഞ്ഞ അദ്ദേഹം യു.പിയിലും മുസ്്‌ലിംലീഗ് വളര്‍ന്നു പന്തലിക്കാന്‍ കഠിനാധ്വാനം ചെയ്തു. കേരളത്തില്‍ വന്നു പോയാല്‍ അദ്ദേഹത്തില്‍ പ്രത്യേക ആവേശം കാണാമായിരുന്നുവെന്ന് മക്കള്‍ ഇന്നലെയും എടുത്ത് പറഞ്ഞു. മക്കളെക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചുവെന്ന് കുടുംബം അഭിമാനത്തോടെയാണ് വ്യക്തമാക്കിയത്. സംഘടനക്കായി ഓടി നടന്നതുകൊണ്ടാവും പ്രായം അദ്ദേഹത്തിന് മുമ്പില്‍ പ്രതിബന്ധമാവാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഭൗതിക താല്‍പര്യങ്ങള്‍ക്കപ്പുറം പ്രാര്‍ത്ഥനാ നിര്‍ഭരനായി സര്‍വ്വ ശക്തനില്‍ ഭരമര്‍പ്പിച്ച് മുസ്്‌ലിംലീഗിനായി ജീവിതത്തിന്റെ സായാഹ്നം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ദേശീയ തലത്തിലും വിശിഷ്യാ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും വലിയൊരു വിടവാണുണ്ടാക്കിയത്. പാര്‍ട്ടിക്കും ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷ കൂട്ടായ്മക്കും തീരാ നഷ്ടമാണ് അദേഹത്തിന്റെ വേര്‍പാട്. യു.പി രാഷ്ട്രീയം മുറുക്കമുള്ള അവസ്ഥയിലേക്ക് ആണ്ടിറങ്ങുന്ന കാലത്ത് അദ്ദേഹം കൊളുത്തിയ പ്രകാശം ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരും.