X

വി.വി ഗിരിയെ വിജയിപ്പിച്ച മുസ്‌ലിംലീഗ്-ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍

എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത്‌സിന്‍ഹയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതോടെ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 1977ല്‍ മാത്രമാണ് മത്സരമില്ലാതെ രാഷ്ട്രപതിയെ തിരഞ്ഞെടുത്തത്. അതിനുമുമ്പും ശേഷവുമുള്ള രാഷ്ട്രപതിമാരൊക്കെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിലേറ്റവും വീറും വാശിയും അനിശ്ചിതത്വവും അനന്തര ഫലങ്ങളും നിറഞ്ഞതായിരുന്നു 1969ലെ തിരഞ്ഞെടുപ്പ്. രാഷ്ട്രപതിയായിരുന്ന സാക്കിര്‍ ഹുസൈന്റെ മരണത്തെതുടര്‍ന്നാണ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടിവന്നത്. ഇന്ത്യയുടെ ഉരുക്കുവനിതയായ ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹങ്ങള്‍ ഉരുണ്ടുകൂടുന്ന സമയം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നീലം സഞ്ജീവ റെഡ്ഡിയെ തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉപരാഷ്ട്രപതിയായിരുന്ന വി.വി ഗിരിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനസംഘിന്റെയും സ്വതന്ത്ര പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയായി സി.ഡി ദേശ്മുഖും മത്സരിച്ചു. രാഷ്ട്രപതിയുടെ താല്‍കാലിക ചുമതല വഹിച്ചിരുന്ന ഉപരാഷ്ട്രപതി വി.വി ഗിരി സ്ഥാനങ്ങളെല്ലാം രാജിവച്ച് പോരിനിറങ്ങി. പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണം. കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു അത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മഈല്‍ സാഹിബിന്റെ അശ്രാന്ത പരിശ്രമംകൊണ്ട് ഉത്തരേന്ത്യയിലടക്കം മുസ്‌ലിംലീഗ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. കേരളം (14) പശ്ചിമബംഗാള്‍ (7) തമിഴ്‌നാട് (3) മഹാരാഷ്ട്ര (1) എന്നീ സംസ്ഥാനങ്ങളിലായി 25 എം.എല്‍.എമാരും ലോക്‌സഭയിലും രാജ്യസഭയിലുമായി ഏഴ് എം. പിമാരും മുസ്‌ലിംലീഗിനുണ്ടായിരുന്നു. ഇത് ഏകദേശം 50,000 ഇലക്ട്രല്‍ വോട്ടിന്റെ മൂല്യം വരും. സാധാരണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ആരും വിജയിക്കാവുന്ന മത്സരത്തില്‍ മുസ്‌ലിംലീഗിന്റെ വോട്ട് മൂല്യം അതിനിര്‍ണായകമായിരുന്നു. മദ്രാസിലെ മുസ്‌ലിംലീഗിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ഇരിക്കുമ്പോഴാണ് വി.വി ഗിരിയുടെ ഫോണ്‍കോള്‍ ഖാഇദെമില്ലത്തിനെ തേടി വരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ പിന്തുണ തേടിയായിരുന്നു ആ വിളി. സഞ്ജീവറെഡ്ഡി നേരിട്ട് വന്ന് വോട്ടഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി വി.വി ഗിരിയെ പിന്തുണക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. ഒടുവില്‍ ഇന്ദിരഗാന്ധിയുടെ നോമിനിയായ വി.വി ഗിരി വിജയിച്ചു. വിജയാശംസകളര്‍പ്പിക്കാന്‍ ഖാഇദെമില്ലത്തും മുസ്‌ലിംലീഗ് എം.പിമാരും വി.വി ഗിരിയുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ വി.വി ഗിരി ഉപചാരപൂര്‍വം അവരെ സ്വീകരിക്കുകയും ഖാഇദെമില്ലത്തിനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തുകൊണ്ട് എന്റെ വിജയം പൂവണിഞ്ഞത് മുസ്‌ലിംലീഗിന്റെ വോട്ടുകള്‍ കൊണ്ടാണെന്ന് നന്ദിപൂര്‍വം പറയുകയുമുണ്ടായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 15,000ത്തില്‍ താഴെ ഇലക്ട്രല്‍ വോട്ട് ഭൂരിപക്ഷത്തിനാണ് വി.വി ഗിരി വിജയിച്ചത് എന്നറിയുമ്പോഴാണ് മുസ്‌ലിംലീഗിന്റെ വോട്ട് മൂല്യത്തിന്റെ തിളക്കം വര്‍ധിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപ്പിന് പ്രസക്തി ഇല്ലാത്തതിനാല്‍ മന:സാക്ഷി വോട്ട് ചെയ്യാനാണ് ഇന്ദിരാഗാന്ധി നിര്‍ദ്ദേശിച്ചത്. അത് പ്രകാരം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന 12 സംസ്ഥാനങ്ങളില്‍ 11ലും വി.വി ഗിരിക്ക് ഭൂരിപക്ഷം ലഭിച്ചു. സഞ്ജീവ് റെഡ്ഡി പരാജയപ്പെട്ടതിന്പിന്നാലെ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതും ഇന്ത്യയിലൊട്ടാകെ കോണ്‍ഗ്രസ് പിളര്‍ന്നതുമായിരുന്നു ഇതിന്റെ അനന്തരഫലം. 1977ല്‍ സഞ്ജീവറെഡ്ഡി വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുകയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മത്സര രംഗത്തുണ്ടായിരുന്ന 37ല്‍ 36 പത്രികകളും തള്ളിപ്പോയതിനെതുടര്‍ന്നായിരുന്നു അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളമൊഴികെ ഇന്ത്യയിലുടനീളം ഇന്ദിരാ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ സമയം കൂടിയായിരുന്നു അത് എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു കൗതുകമാവാം.

Chandrika Web: