സംഘപരിവാര്‍ ബുള്‍ഡോസറുകള്‍ ഇടിച്ച് നിരത്തിയ ജഹാംഗീര്‍പുരി മുസ്ലിംലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കി കൂടെ നില്‍ക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കാര്യങ്ങള്‍ പഠിച്ച് എല്ലാ വിധ നിയമസഹായവും പാര്‍ട്ടി നല്‍കും. നിലവിലെ സുപ്രിം കോടതിയിലെ ഹരജിയില്‍ പാര്‍ട്ടി കക്ഷി ചേരുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി സംസാരിക്കും. എംപിമാരായ ഇ. ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മര്‍, യൂത്ത് ലീഗ് നാഷണല്‍ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
ബുള്‍ഡോസര്‍ തകര്‍ത്ത ഗല്ലികള്‍ യൂത്ത് ലീഗ് നേതാക്കള്‍ ഇന്നലെയും സന്ദര്‍ശിച്ചിരുന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവംഗം ഷിബു മീരാന്‍, എംഎസ്എഫ് ഡല്‍ഹി ഘടകത്തിലെ റാഫി, നസീഫ് അടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
കണ്ണീരോടെയാണ് പ്രദേശ വാസികള്‍ യൂത്ത് ലീഗ് നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചത്. എത്ര പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു. ഇന്ദിര, രാജീവ്, റാവു, മന്‍മോഹന്‍. ഇവരൊന്നും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല, ഉമ്മമാര്‍ കണ്ണീര്‍ വാര്‍ത്തു. ഈ മോദിയുണ്ടല്ലോ, അയാളാണ് ഈ ദുര്‍വിധിക്ക് കാരണം. ബജ്‌റംഗ്ദള്‍ ഉണ്ടാക്കിയ കുഴപ്പമാണിത്. ഞങ്ങള്‍ ഹിന്ദുക്കളുമായി ഒരു പ്രശ്‌നവുമില്ല. അവരുടെ ആഘോഷങ്ങള്‍ക്ക് ഞങ്ങള്‍ സന്തോഷിക്കും. ഞങ്ങളുടെ ആഘോഷങ്ങള്‍ക്ക് അവരും സന്തോഷിക്കും. ആയുധമേന്തി പുറമെ നിന്ന് വന്നവരാണ് പ്രശ്‌നക്കാര്‍. ഇഫ്താറിന്റെ നേരം ഒച്ചയുണ്ടാക്കി (ഡി.ജെ) ബോധപൂര്‍വം അവര്‍ പ്രശ്‌നമുണ്ടാക്കി. പൊലീസ് എല്ലാം നോക്കി നിന്നു. ജാമിഅ മസ്ജിദിന്റെ മുമ്പിലെ എല്ലാ കടകളും ബുള്‍ഡോസര്‍ പറിച്ചെടുത്തു. ഗല്ലിയില്‍ 56 ഷോപ്പുകള്‍ തകര്‍ത്തു. 22 പേര്‍ അറസ്റ്റിലായി. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളും ഇന്റര്‍നെറ്റ് ബന്ധങ്ങളും നിര്‍ത്താലക്കി. ഒന്‍പത് ബുള്‍ഡോസറുകളാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചു നീക്കാനായി ഇറക്കിയത്. 1500ഓളം പോലീസും സെക്യൂരിറ്റി സൈന്യങ്ങളും പ്രദേശത്തു വിന്യസിച്ചു. ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംയുക്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ യൂത്ത് ലീഗ് നേതാക്കള്‍ അഭിവാദ്യം ചെയ്തു. ഡല്‍ഹി സുന്ദര്‍ നഗറില്‍ യൂത്ത് ലീഗ് ജാഗ്രതാ സദസ്സും സംഘടിപ്പിച്ചിരുന്നു.