തിരൂര്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കും. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് നടത്തുന്ന സ്‌പെഷല്‍ കണ്‍വന്‍ഷനുകളുടെ ആരംഭമാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ കണ്‍വന്‍ഷനിലൂടെ തിരൂരില്‍ നടക്കുന്നത്. തുടര്‍ന്ന് 19 പാര്‍ലമെന്റ് മണ്ഡലങ്ങളിലും മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കണ്‍വന്‍ഷനുകള്‍ നടക്കും.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെയും കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും ന്യൂനപക്ഷ പിന്നോക്ക ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ അതിശക്തമായ ഐക്യനിര കെട്ടിപ്പടുത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മുന്നണിക്ക് വമ്പിച്ച മുന്നേറ്റം സാധ്യമാക്കുക എന്നതാണ് ഈ മുന്നൊരുക്ക പ്രവര്‍ത്തനം വഴി മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നത്. തിരൂരില്‍ ഇന്ന് നടക്കുന്ന കണ്‍വന്‍ഷനില്‍ കടല്‍ക്ഷോഭത്തില്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാതിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും ദേശീയപാത വികസനത്തിന്റെ പേരില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെയും ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഖിലേന്ത്യ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, ജില്ലയിലെ മുസ്‌ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, ജില്ലയിലെ മുസ്‌ലിംലീഗിന്റെ മുഴുവന്‍ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
മുസ്‌ലിംലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം
Tags: muslim league