X

വോട്ടിന്റെ വഴിയില്‍ മണിനാദമായി മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കലാഭവന്‍ രാജു

ശരീഫ് കരിപ്പൊടി
കാസര്‍കോട്

നടന്‍ കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി കലാവേദികളില്‍ തിളങ്ങിയ കലാഭവന്‍ രാജു ഇന്ന് വോട്ടുവഴിയില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ്. നാടറിയുന്ന കലാകാരന്‍ മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്.

‘മണിക്കിലുക്ക’ത്തിലൂടെ ശ്രദ്ധേയനായ ഈ 45കാരന്‍ മുസ്്‌ലിംലീഗിന്റെ ഉറച്ച സീറ്റായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനില്‍ നിന്ന് കോണി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. നേരത്തെ ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ നിന്ന് മുസ്്‌ലിംലീഗ് ടിക്കറ്റില്‍ തന്നെയാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണ കളനാട് ഡിവിഷന്‍ പട്ടികജാതി സംവരണ സീറ്റായപ്പോള്‍ പഞ്ചായത്തംഗമായി അഞ്ചുവര്‍ഷം നാടിന്റെ കൂടെ നിന്ന ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ രാജുവിനെ മുസ്്‌ലിം ലീഗ് പഞ്ചായത്ത് നേതൃത്വം ഈ സീറ്റിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

സിപിഎമ്മിലെ ചന്ദ്രന്‍ കൊക്കാലാണ് രാജുവിന്റെ എതിര്‍ സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ആകെ വാര്‍ഡില്‍ രണ്ടുസ്ഥാനാര്‍ഥികള്‍ മാത്രം. കഴിഞ്ഞ 2015ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിലെ ആയിഷ സഹദുള്ളയായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. അന്ന് 1200ല്‍പരം വോട്ടുകള്‍ക്കാണ് സിപിഐയിലെ അനിതാരാജിനെ ആയിഷ തോല്‍പ്പിച്ചത്.

ഇരുപത് വര്‍ഷം ബിഎസ്എന്‍എല്ലില്‍ മസ്ദുര്‍ കരാര്‍ ജീവനക്കാരനായിരുന്ന രാജു നാട്ടുകാര്‍ക്കിടയില്‍ സര്‍വസമ്മതനായ പൊതുപ്രവര്‍ത്തകനാണ്. കലാഭവന്‍ ഫാന്‍സ് അസോസിയേഷന്റെ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയാണ്. കലാഭവന്‍ മണിയോടുള്ള ചങ്ങാത്തവും അസോസിയേഷനോടൊത്തുള്ള പ്രവര്‍ത്തനവുമാണ് പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ന്നത്. മണി നായകനായ നന്മ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തതോടെ നാടറിഞ്ഞ കലാകാരനായി. പിന്നീട് ജനപ്രതിനിധിയായപ്പോഴും മിമിക്രിയെയും നാടന്‍പാട്ടിനെയും മറന്നില്ല. ഇന്ന് മണിയെ പോലെ പൊട്ടിച്ചിരിച്ചും പാടിത്തിമര്‍ത്തും കലാഭവന്‍ രാജു വോട്ടിന്റെ വഴിയില്‍ സജീവമാവുകയാണ്. ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശിയാണ് രാജു. ഭാര്യ: ജിഷ. വിദ്യാര്‍ത്ഥികളായ റോഷന്‍ രാജ്, റോഷ്‌ന മക്കളാണ്.

web desk 1: