X

‘ഭയമില്ലാത്ത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ’ ക്യാമ്പയിനുമായി മുസ്‌ലിംലീഗ് ഡല്‍ഹിയില്‍ പ്രക്ഷോഭം; സംസ്ഥാനങ്ങളില്‍ സെമിനാര്‍

രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനും പ്രചാരണം ശക്തിപ്പെടുത്താനും മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു.
ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ തത്വദീക്ഷയില്ലാതെ ആവര്‍ത്തിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും സമാന മനസ്‌കരുമായി യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ദേശീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മതേതര ബദല്‍ ശക്തിപ്പെടുത്താനും മതേതര സഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. മതേതര വോട്ടുബാങ്ക് ഭിന്നിക്കാതിരിക്കുക എന്നതിനാണ് ഊന്നല്‍. ആരുമായെല്ലാം സഖ്യം, എത്ര സീറ്റില്‍ മത്സരം തുടങ്ങിയ കാര്യങ്ങള്‍ അതാതു സംസ്ഥാന കമ്മിറ്റികള്‍ തത്വത്തില്‍ ധാരണയിലെത്തി ദേശീയ കമ്മിറ്റിയെ അറിയിക്കണം.
എന്‍.ഐ.എ, മുത്തലാഖ്, യു.എ.പി.എ, കാശ്മീരിന്റെ സംസ്ഥാന പദവി ഉള്‍പ്പെടെ എടുത്തു കളയല്‍ തുടങ്ങിയ തിടുക്കപ്പെട്ട നിയമ നിര്‍മ്മാണം ഏക സിവില്‍ കോഡിലേക്കുള്ള പോക്കിന്റെ സൂചനയാണ്. വൈവിധ്യങ്ങളെയും നാനാത്വത്തെയും ഇല്ലാതാക്കി ഒരൊറ്റ സംസ്‌കൃതിയും ഭാഷയും നേതാവും ചിന്തയും അടിച്ചേല്‍പ്പിക്കുന്നത് ബഹുസ്വര ഇന്ത്യയുടെ മരണമണി മുഴക്കും. ദളിത് ആദിവാസി ന്യൂനപക്ഷ സമൂഹങ്ങളെ ഭയപ്പെടുത്താനും ഒറ്റപ്പെടുത്താനുമാണ് ശ്രമം. മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനും ഭയരഹിതമായ സാഹചര്യത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരാനും മതേതര, ജനാധിപത്യ വിശ്വാസികളുടെ ഐക്യം ശക്തിപ്പെടുത്തും.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ കരുനീക്കങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ചെറുക്കുന്നത് ശക്തമായി തുടരും. ‘ഭയമില്ലാത്ത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ’ (ഫിയര്‍ലെസ്സ് ഇന്ത്യ; ഇന്ത്യ ഫോര്‍ ആള്‍) എന്ന ശീര്‍ഷകത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ മഹാധര്‍ണ്ണയും ബുദ്ധിജീവികള്‍, കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അണിനിരത്തി രാജ്യ വ്യാപകമായി സെമിനാറുകളും സിംപോസിയങ്ങളും നടത്തും. അടിയന്തരാവസ്ഥ കാലത്തേക്കാളും വലിയ അരക്ഷിതാവസ്ഥയാണ് കാശ്മീരിലെന്നാണ് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പറയുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി മറച്ചുവെക്കുകയാണ്.
മുന്‍ മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടെ 173 ഉന്നതരെയാണ് വീട്ടുതടങ്കലിലിട്ടത്. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് പ്രതിപക്ഷത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത്.
പൗരാവകാശ ലംഘനങ്ങള്‍ക്ക് അറുതി ഉണ്ടാവണം. ബി.ജെ.പിക്ക് എതിരെയ പരമാവധി യോജിച്ച് നിന്ന് ചെറുക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

web desk 1: