ന്യൂഡല്‍ഹി: മുസ്്‌ലിം ഇതര വിഭാഗങ്ങളില്‍പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള നീക്കത്തിനെതിരെ മുസ്്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രനീക്കം ചോദ്യംചെയ്ത് മുസ്്‌ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത്തരം വിജ്ഞാപനം മുമ്പും ഇറക്കിയിട്ടുണ്ടെന്നും ഇത് പൗരത്വ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമുള്ള ന്യായീകരമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം നിരത്തുന്നത്. ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമല്ല വിജ്ഞാപനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. നേരത്തെ അഞ്ചു തവണ ഇത്തരത്തില്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മെയ് 29ന് പുറത്തിറക്കിയ ഉത്തരവ്. പൗരത്വ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്തുക മാത്രമാണ് പുതിയ വിജ്ഞാപനം വഴി ചെയ്തിട്ടുള്ളത്. അധികാര വീകേന്ദ്രീകരണത്തിലൂടെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടിക്രമം മാത്രമാണിത്. പൗരത്വം സംബന്ധിച്ച നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നത് അല്ല വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കി.