X
    Categories: Video Stories

എന്‍.ഐ.എ ബില്‍: ലീഗ് നിലപാടിനെ വിമര്‍ശിക്കുന്നവരോട് വിനയപൂര്‍വം

ഷെരീഫ് സാഗർ

എന്താണ് എൻ.ഐ.എ?

അത് ദേശസുരക്ഷയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു അന്വേഷണ ഏജൻസിയാണ്. 166 നിഷ്‌കളങ്കരായ മനുഷ്യരെ വെടിവെച്ചുകൊന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷം National Investigation Agency (NIA) Act of 2008 പ്രകാരമാണ് എൻ.ഐ.എ പ്രവർത്തനം ആരംഭിച്ചത്.

2019ലെ NIA (Amendment) Bill എന്താണ്? 
അന്വേഷണത്തിൽ വരുന്ന കുറ്റകൃത്യങ്ങളിൽ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം എന്നിവ ഉൾപ്പെടുത്തി. അന്വേഷണ പരിധി വിപുലീകരിച്ചു. സെഷൻസ് കോടതിയെ പ്രത്യേക കോടതിയാക്കാൻ അനുമതി നൽകി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാൽ അവർക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിൻബലത്തോട് കൂടി കേസെടുക്കാൻ ഇന്ത്യാ ഗവൺമെന്റിന് അനുവാദം.

ഇതിൽ എതിർക്കപ്പെടാനുള്ളത് എന്താണ്?
ഇത്തരം നിയമങ്ങളും ഏജൻസികളും ഭരണകൂടത്തിന്റെ കളിപ്പാവകളാകരുത് എന്ന് ഓർമ്മിപ്പിക്കണം.

മൂന്ന് അംഗങ്ങളുള്ള സി.പി.എം എന്ത് എതിർ ശബ്ദമാണ് ഈ ഭേദഗതിക്കെതിരെ പാർലമെന്റിൽ ഉയർത്തിയത്? 
കാര്യമായ ഒരു ഒച്ചയും പൊന്തിയില്ല.

മൂന്ന് അംഗങ്ങളുള്ള മുസ്‌ലിംലീഗ് എന്തു ചെയ്തു? 
രണ്ട് അംഗങ്ങൾ ബില്ലുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ദുരുപയോഗങ്ങൾ ആവർത്തിക്കരുതെന്ന് ആഭ്യന്തര മന്ത്രിയുടെ മുഖത്തു നോക്കി ശക്തമായി തെളിവുകൾ സഹിതം ആവശ്യപ്പെട്ടു. 
.
.
ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച ലീഗ് നിലപാടിനെ പരിഹസിച്ചും കനൽത്തരി ഊതിക്കത്തിച്ചുമുള്ള ആഘോഷങ്ങൾ അക്ഷരാർത്ഥത്തിൽ ശുദ്ധ വിവരക്കേടാണ്. അംഗബലമില്ലാത്തവർ വോട്ടിങ് ബഹിഷ്‌ക്കരിക്കുക എന്നത് ഗ്രാമപഞ്ചായത്ത് ബോർഡുകളിൽ പോലും പതിവാണ്. അതേ ലീഗ് ഇവിടെയും ചെയ്തുള്ളൂ. പാർലമെന്റിൽ വിയോജിപ്പ് ഡോക്യുമെന്റ് ചെയ്ത ശേഷം ഇറങ്ങിപ്പോവുക എന്നതാണ് ബഹിഷ്‌ക്കരണത്തിന്റെ രീതി. ആ ഫ്ളോറിനെക്കുറിച്ച് സാമാന്യബോധമുള്ളവർ ഈ വിഷയത്തിൽ ആക്ഷേപം ഉന്നയിക്കുമെന്നു തോന്നുന്നില്ല. .
.
സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണ വോട്ടെടുപ്പ് നടക്കാറില്ല. പിന്നെങ്ങനെയാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്? ഡിവിഷൻ ആവശ്യപ്പെട്ടത് അസദുദ്ദീൻ ഉവൈസിയാണ്. അവിടെ അമിത് ഷായുടെ കുറുക്കൻ ബുദ്ധി വിജയിച്ചു. ‘പേടിപ്പിക്കാൻ നോക്കല്ലേ’ എന്നു പറഞ്ഞ ഉവൈസിയോട് ‘നിങ്ങളുടെ ഉള്ളിൽ പേടിയുള്ളതിന് ഞങ്ങളെന്തു പിഴച്ചു’ എന്നാണ് അമിത് ഷായുടെ മറുപടി. ഭീകരതയുടെ പക്ഷത്തു നിൽക്കുന്നവരെ ഒന്നു കാണട്ടെ എന്നു ഭീഷണിയും. ആ കുരുക്കിൽ ആരിഫും വീണു. 
.
NIA (Amendment) Bill 2019 പബ്ലിക് ഡോക്യുമെന്റാണ്. അതിൽ ന്യൂനപക്ഷത്തിനെതിരായി ഒന്നുമില്ല. ശരീഅത്ത്, മുത്തലാഖ് വിഷയങ്ങൾ പോലെ സമുദായത്തെ നേർക്കുനേർ അഭിസംബോധന ചെയ്യുന്നുമില്ല. രാജ്യത്തെ വിഘടനവാദികൾക്കും തീവ്രവാദികൾക്കുമെതിരായ നിയമമാണിത്. അതിൽ പേടിക്കേണ്ടത് അവർ മാത്രമാണ്. എന്നാൽ മുമ്പ് പലപ്പോഴും ചെയ്ത പോലെ, ഈ അമിതാധികാര ഭേദഗതി പാവങ്ങളുടെ നെഞ്ചത്തോട്ട് കയറാൻ ഉപയോഗിക്കരുത് എന്നു പറയൽ ഒരു ജനാധിപത്യ പാർട്ടിയുടെ ദൗത്യമാണ്. നിരപരാധികളെ ഇതിന്റെ പേരിൽ വേട്ടയാടരുത് എന്നു പറയാനുള്ള ആ ബാധ്യത മുസ്‌ലിംലീഗ് വെടിപ്പായി നിറവേറ്റിയിട്ടുണ്ട്. 
.
.
നൈസാമിനു വേണ്ടി ഇന്ത്യൻ യൂണിയന്റെ പട്ടാളത്തിനെതിരെ പടകൂട്ടിയ പാരമ്പര്യമുള്ള മജ് ലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ നേതാവായ അസദുദ്ദീൻ ഉവൈസിയല്ല ലീഗിന്റെ പാർലമെന്ററി നയം തീരുമാനിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് തന്നെ എതിർപ്പുകൾ രേഖപ്പെടുത്തിയും വിയോജിപ്പുകൾ നിയമമാക്കിയും പാരമ്പര്യമുള്ള പാർട്ടിയാണിത്. എന്തൊക്കെ പറഞ്ഞാലും, 1952 മുതൽ പാർലമെന്റിലെ അംഗുലീപരിമിതമായ മുസ്ലിംലീഗ് അംഗങ്ങൾക്കു നേരെ നിങ്ങൾ തിരിച്ചുവെച്ച ആ റഡാറുണ്ടല്ലോ. അതുതന്നെയാണ് ലീഗിന്റെ പ്രസക്തി. 


ചന്ദ്രിക വെബ് ഡെസ്‌ക്‌: