മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ കക്ഷികള്‍. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിഷേധം കേരളത്തില്‍ ഉടനീളം അരങ്ങേറുകയാണ്. സ്വര്‍ക്കടത്തില്‍ ജലീലിന് പങ്കുണ്ടെന്ന തെൡവാണ് ഓരോന്നായി പുറത്തുവരുന്നത് എന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. മന്ത്രി രാജിവച്ച് മാന്യത കാണിക്കണമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷുമായി നിരന്തരം ഫോണില്‍ കെ ടി ജലീല്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നത്. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും ശശീന്ദ്രനെയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് ജലീലിനെതിരെ നടപടിയുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ മുഖം വികൃതമാകുകയാണ്. ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്തയാള്‍ എന്തിനാണ് ഒളിച്ചു പോയി മൊഴി കൊടുത്തത്? മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്നും മജീദ് മുന്നറിയിപ്പു നല്‍കി.