X
    Categories: CultureNewsViews

ഫാസിസത്തെ ചെറുക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തും: മുസ്‌ലിംലീഗ്

മലപ്പുറം: രാജ്യത്തിന് തന്നെ ഏറെ നിര്‍ണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മുസ്‌ലിംലീഗ് ശക്തമായ ജനാധിപത്യ ഇടപെടല്‍ നടത്താനും ദേശീയ തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രത്യേക യോഗത്തില്‍ തീരുമാനം. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഇതിലെ ചര്‍ച്ചകളും തീരുമാനങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ഇതിന്മേല്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ദേശീയ കമ്മിറ്റി തീരുമാനങ്ങള്‍ ഇന്നലെ ചേര്‍ന്ന എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും വിശദീകരിച്ചു.
ദേശീയ തലത്തില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് കഴിയും. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ബംഗാളിലും മറ്റു ചില സംസ്ഥാനങ്ങളിലും പാര്‍ട്ടി ശക്തമാണെന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ വിജയത്തിലെത്തിക്കാന്‍ മുസ്‌ലിംലീഗ് പോരാടുമെന്നും യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് ചര്‍ച്ച ചെയ്തത്. യു.പി.എക്കും യു.ഡി.എഫിനും നല്ല സാഹചര്യമാണുള്ളതെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ കുറിച്ച് പാര്‍ട്ടി കമ്മിറ്റികളും ഉന്നതാധികാര സമിതിയും ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്യും.
മുസ്‌ലിംലീഗിന് കൂടുതല്‍ സീറ്റുകള്‍ കിട്ടാനുള്ള ശ്രമത്തില്‍ തന്നെയാണുള്ളത്. അഖിലേന്ത്യാ തലത്തിലടക്കം ശക്തമായ പ്രാതിനിധ്യം മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് ഉണ്ടാകും. യു.പി.എക്കും യു.ഡി.എഫിനും വലിയ മുന്നേറ്റം ഉണ്ടാകും. അതില്‍ മുസ്‌ലിംലീഗിന്റെ പങ്ക് വളരെ വലുതാകും. അത്രയും പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ കാലമായതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രത്യേക യോഗം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്തതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിംലീഗിനുള്ള ശക്തി എല്ലാ തലത്തിലും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ഉപയോഗപ്പെടുത്തുക എന്ന ആഹ്വാനമാണ് പാര്‍ട്ടി നല്‍കുന്നതെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ബി.ജെ.പി ഭരണത്തിന്റെ ദുഷ്‌ചെയ്തികള്‍ രാജ്യം അനുഭവിച്ചുകഴിഞ്ഞു. മുസ്‌ലിംലീഗിന്റെ സകല ശക്തിയും കേന്ദ്രത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിന് എതിരായി ഉപയോഗപ്പെടുത്തും. മുസ്‌ലിംലീഗിന്റെ നയം എന്നത് ഫാസിസ്റ്റ് ശക്തികള്‍ക്കോ അവരുമായി ചങ്ങാത്തമുള്ളവരുമായോ ഒരു ബന്ധവും പാടില്ല എന്നതാണ്. ഇന്ത്യയില്‍ ജനാധിപത്യ രംഗത്ത് പ്രതീക്ഷയുള്ളത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളും മുന്നണിയുടെ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നിടത്ത് ഏതെങ്കിലും തരത്തില്‍ അകല്‍ച്ച ഉണ്ടാക്കി കോണ്‍ഗ്രസിന്റെ ഭരണത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ ഇടപെടല്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചതായി ഇ.ടി പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിന്റെ വിജയമാണ് ഏറ്റവും പ്രധാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. യു.ഡി.എഫിനെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനോടൊപ്പം വിജയം സുഖകരമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓരോ പാര്‍ട്ടികളും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കും. സീറ്റ് മാറുന്നതിനെക്കുറിച്ചും പുതിയ സീറ്റിനെ കുറിച്ചുമെല്ലാം ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതെല്ലാം യു.ഡി.എഫ് യോഗം ചേര്‍ന്നിരുന്ന് പരിഹരിക്കാവുന്ന കാര്യങ്ങളെയുള്ളു. 18ന് ഉഭയകക്ഷി ചര്‍ച്ച നടക്കുന്നുണ്ട്. മുസ്‌ലിംലീഗിന് ഒരു സീറ്റ് കൂടി വേണമെന്ന അഭിപ്രായമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടി യോഗങ്ങളില്‍ നടക്കും. തീരുമാനം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, എം.എല്‍.എമാരായ എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ് കബീര്‍, കെ.എം ഷാജി, കെ.എന്‍.എ ഖാദര്‍, പി ഉബൈദുല്ല, എം ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, എന്‍. ഷംസുദ്ദീന്‍, സി മമ്മൂട്ടി, പി അബ്ദുല്‍ഹമീദ്, പി.കെ ബഷീര്‍, ടി.വി ഇബ്രാഹീം, പാറക്കല്‍ അബ്ദുല്ല പങ്കെടുത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: