X
    Categories: CultureNewsViews

അമ്മമാരുടെ കണ്ണീരില്‍ ഭരണകൂടങ്ങള്‍ നിലംപൊത്തും: ഹൈദരലി തങ്ങള്‍

ലുഖ്മാന്‍ മമ്പാട്
ആലപ്പുഴ: ഏഴു പതിറ്റാണ്ടിന്റെ പ്രൗഡി തുളുമ്പി മുസ്‌ലിംലീഗിന്റെ സ്ഥാപക ദിന സമ്മേളനം. ഏഴു തെക്കന്‍ ജില്ലകളിലെ അയ്യായിരത്തോളം പ്രതിനിധികള്‍ അഭിമാനകരമായ അസ്തിത്വത്തിന്റെ ദര്‍ശനവും ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്ത് പിറന്നാള്‍ പകലിന് പകിട്ടേകി. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചിട്ടയൊത്ത സമ്മേളനം മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന സംഘ്പരിവാറിന്റെ ജനവിരുദ്ധ ഭരണകൂടത്തിന് അന്ത്യം കുറിക്കാന്‍ രംഗത്തിറങ്ങണമെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊലക്കത്തി രാഷ്ട്രീയക്കാര്‍ക്കെതിരെ വിധിയെഴുതണം. അമ്മമാരുടെ കണ്ണീരില്‍ ഭരണകൂടങ്ങള്‍ നിലംപൊത്തുമെന്നും തങ്ങള്‍ പറഞ്ഞു. അരിയില്‍ ഷുക്കൂറും ശുഐബും ഇപ്പോള്‍ ശരത്‌ലാലും കൃപേഷും ഉള്‍പ്പെടെയുള്ള ചെറു മക്കളുടെ ജീവനുകളെടുത്ത് രാഷ്ട്രീയ കൊലവിളി നടത്തുന്നവര്‍ക്കെതിരെ ജനം ശക്തമായ തിരിച്ചടി നല്‍കുക തന്നെ ചെയ്യും. ഈ കൗമാരക്കാരുടെ അമ്മമാരുടെ ചുടു കണ്ണീരില്‍ അക്രമ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകള്‍ കത്തിച്ചാമ്പലാവുക തന്നെ ചെയ്യും. തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും വിചാരണക്ക് വിധേയമാക്കുന്നതിനും കഴിയുന്നത് മുസ്‌ലിംലീഗ് ഈ വഴിയില്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. മുന്നണി രാഷ്ട്രീയത്തില്‍ ഐക്യവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കുന്നുവെന്നത് മുസ്‌ലിംലീഗിന്റെ എക്കാലത്തേയും മുഖമുദ്രയാണ്. സ്വന്തം സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ സഖ്യകക്ഷി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം നമുക്ക് ഇപ്പോഴും മാതൃകയാണ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും മുസ്‌ലിംലീഗിന്റെ സ്വന്തം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്ന ബോധ്യത്തില്‍ അവരുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് ഓരോ പ്രവര്‍ത്തകനും മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു, പി.എച്ച് അബ്ദുസലാം ഹാജി, കെ.ഇ അബ്ദുറഹിമാന്‍, കുറുക്കോളി മൊയ്തീന്‍ സംസാരിച്ചു.
സി ഹംസ (മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തിന്റെ ഇസ്‌ലാമിക മാനം), എം.സി വടകര, സി.പി സൈതലവി (അഭിമാനകരമായ അസ്തിത്വത്തിന്റെ 71 വര്‍ഷങ്ങള്‍), ടി.എ അഹമ്മദ് കബീര്‍ എം.എല്‍. എ (സംവരണം, ചരിത്രവും പോരാട്ടവും), അഡ്വ.കെ.എന്‍.എ ഖാദര്‍ (ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം) വിഷയങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം നസീര്‍ സ്വാഗതവും അഡ്വ. എച്ച് ബഷീര്‍ നന്ദിയും പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: