X

യു.ഡി.എഫ് വിജയത്തില്‍ മുഖ്യപങ്ക് മുസ്‌ലിംലീഗിന്: മുല്ലപ്പള്ളി


മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്‌ലിംലീഗ് പാര്‍ട്ടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിന് നന്ദി പറയാനാണ് ഇവിടെ എത്തിയത്. ജനമാഹായാത്ര തുടങ്ങുന്നതിന് തലേ ദിവസമാണ് അവസാനമായി പാണക്കാട്ട് വന്നത്. സുപ്രധാന ഘട്ടങ്ങളിലെല്ലാം പതിവായി ഈ തറവാട്ടില്‍ വരാറുണ്ട്. ഐജ്യജനാധിപത്യ മുന്നണിയേയും കോണ്‍ഗ്രസിനേയും വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് കാണിച്ചിട്ടുള്ള ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുതൊട്ട് കോണ്‍ഗ്രസിനേക്കാള്‍ വലിയ ആവേശത്തോടെയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫിനൊപ്പം എല്ലാ മതവിഭാഗങ്ങളും ആദിവാസി സമൂഹവും യുവാക്കളും സ്ത്രീകളുമെല്ലാം ശക്തമായി നിലകൊണ്ടതാണ് ഇത്രയും വലിയ വിജയം നേടാനായത്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് പ്രമേയം പാസാക്കിയതിലുള്ള നന്ദിയും മുല്ലപ്പള്ളി തങ്ങളെ അറിയിച്ചു.
ഇന്നലെ രാവിലെ 11.30ഓടെ പാണക്കാട്ടെത്തിയ മുല്ലപ്പള്ളിയെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും പാണക്കാട്ടെത്തിയിരുന്നു. സംസ്ഥാന ദേശീയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് മുഴുവന്‍ സീറ്റുകളിലും ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അരമണിക്കൂറോളം നടന്ന ചര്‍ച്ചക്ക് ശേഷമാണ് മുല്ലപ്പള്ളി പാണക്കാട്ടുനിന്നും മടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും കെ.പി.സി.സി പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

web desk 1: