X

മുസ്‌ലിംലീഗ് ‘യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’; നവചൈതന്യം സൃഷ്ടിച്ച് നേതാക്കളുടെ പര്യടനം സമാപിച്ചു

റാഞ്ചി: ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത് മുസ്‌ലിംലീഗ് ദേശീയ നേതാക്കളുടെ ചതുര്‍ദിന ഉത്തരേന്ത്യന്‍ പര്യടനത്തിന് സമാപ്തി. ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് നവ ചൈതന്യം പകര്‍ന്ന സംഗമങ്ങളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെയും നിരവധി കേന്ദ്രങ്ങളില്‍ നടക്കുന്ന വൈജ്ഞാനിക-ജീവകാരുണ്യ പദ്ധതികള്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള പര്യടനത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നു.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുള്ള യുവാക്കളെ കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കും കൈമാറ്റം ചെയ്ത് പ്രവര്‍ത്തിക്കുന്ന ‘യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’ അടുത്തമാസം ആരംഭിക്കും. ഉത്തരേന്ത്യന്‍ യുവാക്കള്‍ക്ക് കേരളത്തിലെ വൈജ്ഞാനിക-സാമൂഹ്യ-രാഷ്ട്രീയ പുരോഗതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതോടെ അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കും. ദേശീയ ഭാരവാഹികളുമായി കൂടിയാലോചിച്ച് ഉത്തരേന്ത്യയില്‍ ദളിത്-മുസ്‌ലിം-ആദിവാസി നവോത്ഥാനം സൃഷ്ടിക്കുന്നതിന്റെ യുവ മാതൃകയുടെ അന്തിമ രൂപം തയ്യാറാക്കുമെന്നും ഇ.ടി പറഞ്ഞു.

സ്‌കൂളുകള്‍, പള്ളികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് തുടക്കം കുറിച്ചത്. മുമ്പ് തുടങ്ങിയവയുടെ പുരോഗതിയും വിലയിരുത്തി. കുഴല്‍ കിണറുകളുടെ സമര്‍പ്പണം, ആയിരങ്ങള്‍ക്ക് കമ്പിളി പുതപ്പ് വിതരണം, സ്‌കൂള്‍ യൂണിഫോം-പാഠപുസ്തക വിതരണം എന്നിവയും ശ്രദ്ധേയമായി. സമ്മേളനങ്ങളിലേക്ക് സ്ത്രീകളും വൃദ്ധരും യുവാകകളുമെല്ലാം ആവേശപൂര്‍വ്വം ഒഴുകിയെത്തിയത് ഉത്തരേന്ത്യയില്‍ മുസ്‌ലിംലീഗിന്റെ മുന്നേറ്റത്തിന്റെ കാഹളമായി.

ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയിലെ ആദിവാസി-ദളിത്-പിന്നാക്ക വിഭാഗ മേഖലയിലും ദേവ്ഗര്‍ ജില്ലയിലെ ലഹാര്‍ജോറിലും ബീഹാറിലെ സീമാഞ്ചലിലും ബംഗാളിലെ ഉത്തര്‍ദിനാജ്പൂരിലും പ്രളയം തകര്‍ത്ത കര്‍ഷക ഗ്രാമങ്ങളിലുമെല്ലാം ആയിരങ്ങളാണ് മുസ്‌ലിംലീഗ് നേതാക്കളെ വരവേറ്റത്. ജാംധാര ജില്ലയിലെ കരാംദഹയില്‍ ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കെ.എം.സി.സി നല്‍കിയ കുഴല്‍ കിണറുകളുടെ സമര്‍പ്പണവും കെ.എം.സി.സി ദുബായ് നാദാപുരം മണ്ഡലം കമ്മറ്റിയുടെ മസ്ജിദ് ശിലാസ്ഥാപനവുമാണ് ഇന്നലെ നടന്നത്.

പരിപാടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌സ്്‌ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി ഡോ.സി.പി ബാവഹാജി, മുഫ്തി സഈദ് ആലം ഗിരിടി, മുഹമ്മദ് ഫാറൂഖ് അസം റാഞ്ചി, ഖാസിം പാകുര്‍, ശബബീര്‍ മദനി ചമ്പാരന്‍, മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ തിരുന്നാവായ, റഷീദ് മൂര്‍ക്കനാട്, ലത്തീഫ് രാമനാട്ടുകര, അബ്ദുറസാഖ് കടങ്ങല്ലൂര്‍, അഷ്‌റഫ് പാറോല്‍, ഉബൈസ് ചേലേമ്പ്ര, സിബിലി പെരിയമ്പലം, ബിലാല്‍ വെളിയംകോട്, സാലിഹ് ഹുദവി നേതൃത്വം നല്‍കി.

chandrika: