X

ലീഗ് ഓഫീസിന് ബോംബേറ്; മൂന്ന് സ്ത്രീകളടക്കം നാലു പേര്‍ക്ക് പരിക്ക്

നടുവില്‍(കണ്ണൂര്‍): വിളക്കണ്ണുരില്‍ വീണ്ടും സിപിഎം അഴിഞ്ഞാട്ടവും ബോംബേറും. മൂന്ന് സ്ത്രീകളടക്കം നാലു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൂസന്‍കുട്ടി നടുവിലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ലീഗ് ഓഫിസിനു നേരെ ബോംബ് എറിയുകയും സമീപവാസികളായ സ്ത്രീകളെയടക്കം മര്‍ദ്ദിക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്തത്. ബോംബേറില്‍ ലീഗ് ഓഫീസിന്റെ മുന്‍ഭാഗത്തെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്നു.

മദ്യലഹരിയിലെത്തിയ സി.പി.എം പ്രവര്‍ത്തകരായ പി.ആര്‍ സുരേഷ്,അഭിലാഷ്, സുബൈര്‍, രാജേഷ് മാങ്കൂട്ടത്തില്‍, വിജയന്‍, ഷാക്കിര്‍, ജമാല്‍ പള്ളക്കല്‍, സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. ഓഫീസിന് നേരെ എറിഞ്ഞ രണ്ട് ബോംബില്‍ ഒന്ന് പൊട്ടി. ശേഷം ഓഫീസിന് സമീപത്തെ വീട്ടില്‍ കയറിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ച് വിട്ടു. അക്രമത്തില്‍ പാറക്കടവത്ത് ഹാജറ (60), പാറക്കടവത്ത് സൈനബ(37), പാറക്കടവത്ത് സീനത്ത്(36), റസാഖ് വെള്ളത്താന്റകത്ത്(32) എന്നിവര്‍ക്ക് പരിക്കേറ്റു. ഓഫീസിന് സമീപത്തെ വീട്ടില്‍ 2 മാസം മാത്രം പ്രായമായ കുഞ്ഞിനടക്കം ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടുവിലില്‍ സി.പി.എം ലോക്കല്‍ സമ്മേളനം കഴിഞ്ഞ ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം അഴിച്ച് വിട്ടത്. ശ്രീകണ്ഠപുരം സി.ഐ വി.വി ലതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതിന് ശേഷവും ചിതറിയോടിയ ക്രിമിനല്‍ സംഘം സമീപ പ്രദേശത്തും രണ്ട് ബോംബ് സ്‌ഫോടനം നടത്തിയതായി സമീപവാസികള്‍ ആരോപിച്ചു. നാലാം തവണയാണ് വിളക്കണ്ണൂരില്‍ ലീഗ് ഓഫീസിന് നേരെ അക്രമമുണ്ടാവുന്നത്. അവസാനം അക്രമമുണ്ടായപ്പോള്‍ പൊലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ധാരണക്കു വിരുദ്ധമായി സി.പി.എം പതാക ഉയര്‍ത്തുകയും ഇലക്ട്രിക് പോസ്റ്റില്‍ എഴുതിയിരുന്ന മുസ്‌ലിം ലീഗിന്റെ ചുവരെഴുത്ത് മായച്ച് ശേഷം ചുവപ്പ് ചായം പൂശുകയും ചെയ്തിരുന്നു. കണ്ണൂരില്‍ നിന്നു ഡോഗ് സ്‌ക്വാഡ് എത്തി പരിശോധനനടത്തി. പൊലീസ് അന്വേഷണം തുടങ്ങി.

chandrika: