X

കെ.എ.എസ് സംവരണ അട്ടിമറി; തിരുത്തിയില്ലെങ്കില്‍ യോജിച്ച പോരാട്ടമെന്ന് മുസ്്‌ലിം നേതാക്കള്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നില്‍ രണ്ടു നിയമനങ്ങളിലും സംവരണം അട്ടിമറിക്കുന്നത് പിന്നോക്ക വിഭാഗങ്ങളോടുള്ള അനീതിയാണെന്നും ഇതു തിരുത്തണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ചെറിയ പ്രാതിനിത്യമെങ്കിലും ഉള്ളത്. സംവരണത്തോതിന് അനുസരിച്ചു പോലും സര്‍വ്വീസില്‍ നിയമനം നടന്നില്ലെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ വ്യക്തമാക്കപ്പെട്ടതാണ്. 26 വര്‍ഷത്തെ ആലോചനകള്‍ക്ക് ശേഷം കെ.എ.എസ് രൂപീകരിക്കുമ്പോള്‍ സംവരണം നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.
ന്യൂനപക്ഷ പിന്നോക്ക സമിതിയുടെ നേതൃത്വത്തില്‍ സംവരണം നിഷേധിക്കപ്പെടുന്ന എല്ലാ സമുദായ നേതാക്കളുടെയും സംയുക്ത യോഗം കോഴിക്കോട്ട് ഉടന്‍ വിളിച്ചു ചേര്‍ക്കും. സംവരണ നിഷേധം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുകയും പ്രത്യക്ഷ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ചെയ്യും. ഐ.എ.എസ് മോഡലില്‍ ഉന്നത തസ്തികകള്‍ക്കായി കെ.എ.എസ് രൂപീകരിക്കുമ്പോള്‍ നിലവിലുള്ള സംവരണം തുടരുന്നതിന് പകരം മൂന്നില്‍ രണ്ടിലും നിഷേധിക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റും. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അന്തിമ ഉത്തരവിന് മുമ്പ് തെറ്റ് തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ബഹാഉദ്ദീന്‍ നദ്‌വി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ (സമസ്ത), ഡോ.ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി (ജമാഅത്തെ ഇസ്്‌ലാമി), കെ സജ്ജാദ് (വിസ്ഡം), വി.പി അബ്ദുറഹിമാന്‍, സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്), ടി.കെ അബ്ദുല്‍കരീം, എഞ്ചിനീയര്‍ പി മമ്മദ് കോയ (എം.എസ്.എസ്), കെ കുട്ടി അഹമ്മദ് കുട്ടി (ന്യൂനപക്ഷ പിന്നോക്ക സമിതി, കണ്‍വീനര്‍) സംസാരിച്ചു.

chandrika: