X
    Categories: Newsworld

ഗൂഗിളിന്റെ ഫലസ്തീന്‍ വിരുദ്ധത: മാര്‍ക്കറ്റിങ് മാനേജര്‍ രാജിവെച്ചു

വാഷിങ്ടണ്‍: ഇസ്രാഈലുമായി കൈകോര്‍ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ജീവനക്കാരി രാജിവെച്ചു. ഗൂഗിളിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഏരിയല്‍ കോറന്‍ ആണ് കമ്പനിയുടെ ഫലസ്തീന്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ചത്.

ഇസ്രാഈല്‍ സേനയുമായി ഗൂഗിള്‍ ഉണ്ടാക്കിയ 100 കോടി ഡോളറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിരീക്ഷണ കരാറിനെ കോറന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഗൂഗിളിലെ പ്രതിലോമപരമായ തൊഴില്‍ അന്തരീക്ഷം തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് അനുകൂലമെന്ന് രാജി വിവരം അറിയിച്ചുകൊണ്ട് കോറന്‍ വ്യക്തമാക്കി. ശബ്ദിക്കുന്ന ജീവനക്കരോട് ശത്രുതാപരമായ പ്രതികാരത്തിനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഇസ്രാഈലുമായുള്ള ഗൂഗിളിന്റെ സൈനിക നിരീക്ഷണ കരാര്‍ അംഗീകരിക്കാനാവില്ലെന്നും കോറന്‍ ട്വീറ്റ് ചെയ്തു.

ഇസ്രാഈലുമായുള്ള കരാറിനെതിരെ പരാതികള്‍ നല്‍കിയും സഹപ്രവര്‍ത്തകരുമായി സംസാരിച്ചും മാധ്യമങ്ങള്‍ക്കു മുമ്പാകെ വന്നും ഒരു വര്‍ഷത്തിലേറെ പോരാടിയതിന് ശേഷമാണ് അവര്‍ ഗൂഗിളിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചത്. എതിര്‍പ്പുകള്‍ കമ്പനി അവഗണിച്ചുവെന്ന് മാത്രമല്ല, ശിക്ഷാ നടപടി സ്വീകരിച്ച് ബ്രസീലിലേക്ക് പോവുകയോ ജോലി ഉപേക്ഷിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന് കോറന്‍ പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയിലെ ഫലസ്തീന്‍ അനുകൂലികള്‍ക്കെല്ലാം പ്രതികാര നടപടി നേരിടേണ്ടിവന്നതായി ജീവനക്കാര്‍ പറയുന്നു. കോറന്റെ രാജി പ്രഖ്യാപനത്തോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

Test User: