X
    Categories: indiaNews

അസമില്‍ മുസ്‌ലിം വേട്ട തുടരുന്നു; ഒരു മദ്രസ കൂടി തകര്‍ത്തു,പ്രതിഷേധം ശക്തം

ഗുവാഹത്തി: ഭീകരബന്ധം ആരോപിച്ച് അസമില്‍ മദ്രസ അടിച്ച് തകര്‍ത്ത് ഹിന്ദുത്വ തീവ്രവാദികള്‍. ഗോല്‍പാറ ജില്ലയിലുള്ള പഖിയുറ ചാര്‍ ഏരിയയിലെ മദ്രസയാണ് തകര്‍ത്തത്. ഇവിടെ അധ്യാപകരായി ജോലി ചെയ്തിരുന്ന അമിനുള്‍ ഇസ്‌ലാം, ജഹംഗീര്‍ ആലം എന്നിവര്‍ ബംഗ്ലാദേശികള്‍ ആണെന്നും ഇവര്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു ആക്രമണം.

മദ്രസക്ക് സമീപം ഇരുവരും താമസിച്ചിരുന്ന വീടും പൊളിച്ചു നീക്കി. 2020 മുതലാണ് അമിനുളും ജഹംഗീറും മദ്രസയില്‍ ജോലി ആരംഭിച്ചത്. മതപ്രഭാഷകനായ ജലാലുദ്ദീന്‍ ഷെയ്ഖ് ആണ് ഇവരെ മദ്രസയില്‍ ജോലിക്ക് നിയോഗിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ മാസം ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. അമിനുളും ജഹംഗീറും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം മദ്രസ തകര്‍ത്തതില്‍ സര്‍ക്കാരിനോ ജില്ലാ ഭരണകൂടത്തിനോ പങ്കില്ലെന്നും പ്രദേശവാസികളായ ചിലരാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇതോടെ മുസ്‌ലിം വിരോധമാണ് ഹിന്ദുത്വരുടെ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായി. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ തകര്‍ക്കപ്പെടുന്ന നാലാമത്തെ മദ്രസയാണിത്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് മദ്രസകള്‍ തകര്‍ത്തത് ജില്ലാ ഭരണകൂടങ്ങളായിരുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ കക്ഷിയായ എ.ഐ.യു. ഡി.എഫ് മേധാവി ബദറുദ്ദീന്‍ അജ്മല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകര ബന്ധം ആരോപിച്ച് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 40ലധികം പേരെയാണ് അസമില്‍ അറസ്റ്റ് ചെയ്തത്. മധ്യ അസമിലെ ന്യൂനപക്ഷ മേഖലകളില്‍ പൊലീസും ഹിന്ദുത്വരും അഴിഞ്ഞാട്ടം തുടരുകയാണ്.

Test User: