X

യുപിയില്‍ മുസ്‌ലിം കുടുംബത്തില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു

ബീഫ് ഉണ്ടെന്ന് ആരോപിച്ച് മുസ്ലിം കുടുംബത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ യു.പി പൊലീസിന്റെ അതിക്രമത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ടതായി പരാതി. ബിജ്‌നോര്‍ ജില്ലയിലെ ഖതായ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 55കാരിയായ റസിയ ആണ് മരിച്ചത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് പോലുമില്ലാതെ പൊലീസിന്റെ അനധികൃത പരിശോധനയെന്ന് മകള്‍ ഫര്‍ഹാന പറഞ്ഞു.

‘റെയ്ഡിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ ഉമ്മയോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. കോണ്‍സ്റ്റബിള്‍മാരില്‍ ഒരാള്‍ ഉമ്മയെ നെഞ്ചില്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് അവര്‍ നിലത്തുവീണു. പാനിക് അറ്റാക്ക് ഉണ്ടായിട്ടുള്ളയാളായിരുന്നു ഉമ്മ. നിലത്തുവീണ ഉമ്മയെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു’- ഫര്‍ഹാന വിശദമാക്കി.

‘സ്ത്രീകള്‍ മാത്രം ഉള്ളപ്പോള്‍ ഒരു വീട്ടില്‍ ഇങ്ങനെയല്ല പൊലീസുകാര്‍ കയറേണ്ടത്. പുരുഷ പൊലീസുകാര്‍ക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ല. പ്രോട്ടോക്കോളുകള്‍ ഒന്നും പൊലീസ് ഇവിടെ പാലിച്ചില്ല. ഞങ്ങള്‍ ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ക്ക് പരാതി നല്‍കും’- റസിയയുടെ മറ്റൊരു ബന്ധു പറഞ്ഞു.

അതേസമയം, പൊലീസ് ആരോപിച്ചതുപോലെ റെയ്ഡില്‍ വീട്ടില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. മുന്നറിയിപ്പോ വാറന്റോ ഇല്ലാതെ വീട്ടില്‍ അതിക്രമിച്ചുകയറി റെയ്ഡ് നടത്തുകയും ഒരു സ്ത്രീയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രം?ഗത്തെത്തി.

മരിച്ച സ്ത്രീ ശ്വാസതടസത്തെ തുടര്‍ന്ന് ഡെറാഡൂണിലെ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ വീട്ടില്‍ ബീഫുണ്ടെന്ന് പൊലീസിന് വിവരം നല്‍കിയ ആളെ തിരിച്ചറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോ?ഗസ്ഥന്‍ വ്യക്തമാക്കി.

webdesk13: