X
    Categories: indiaNews

ബിഹാറില്‍ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാന്‍ ഭൂമി സംഭാവന ചെയ്ത് മുസ്ലീം കുടുംബം

രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി ബീഹാറിലെ ഒരു മുസ്ലീം കുടുംബം. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കൈത്വാലിയ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ മന്ദിറിന്റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി മുസ്ലീം കുടുംബം സംഭാവന ചെയ്തത്.

ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഴക്കന്‍ ചമ്പാരനില്‍ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാനാണ്
ഭൂമി സംഭാവന ചെയ്തത്. ക്ഷേത്രം പണിയുന്നതിനായി തന്റെ കുടുംബത്തിന്റെ ഭൂമി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹം അടുത്തിടെ കേസരിയ സബ് ഡിവിഷന്റെ രജിസ്ട്രാര്‍ ഓഫീസില്‍ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവര്‍ പറയുന്നു.

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാനും കുടുംബവും നല്‍കിയ ഈ സംഭാവനയെന്ന് ക്ഷേത്രകമ്മറ്റിക്കാര്‍ പറയുന്നു.ഇവരുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രയാസമായേനെ, അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ലഭ്യമായിട്ടുണ്ട്. പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി ട്രസ്റ്റ് ഉടന്‍ ലഭ്യമാക്കും.

215 അടി ഉയരമുള്ള കമ്പോഡിയയിലെ 12-ാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ അങ്കോര്‍ വാട്ട് സമുച്ചയത്തേക്കാള്‍ ഉയരം കൂടിയതാണ് വിരാട് രാമായണ മന്ദിര്‍. കിഴക്കന്‍ ചമ്പാരനിലെ സമുച്ചയത്തില്‍ ഉയര്‍ന്ന ശിഖരങ്ങളുള്ള 18 ക്ഷേത്രങ്ങള്‍ ഉള്‍പ്പെടും, അതിലെ ശിവക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉണ്ടാകും.

ഏകദേശം 500 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. ന്യൂഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരില്‍ നിന്ന് ട്രസ്റ്റ് ഉടന്‍ ഉപദേശം സ്വീകരിക്കും.

Chandrika Web: